PINARAYI
PINARAYI

'താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി'; എസ്ഡിപിഐ പ്രവര്‍ത്തകരുടെ എകെജി സെന്റര്‍ സന്ദര്‍ശന വാര്‍ത്ത തള്ളി മുഖ്യമന്ത്രി

നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി വാര്‍ത്തകള്‍ നിഷേധിച്ചത്.

കേരളത്തിലെ സിപിഎം ആസ്ഥാനത്തിന് നേരെ നടന്ന ബോബേറുണ്ടായ സംഭവത്തില്‍ അപലപിച്ച് എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി പറയവെയാണ് മുഖ്യമന്ത്രി വാര്‍ത്തകള്‍ നിഷേധിച്ചത്.

എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞ് ഏഴു പേര്‍ ജൂലൈ 1 ന് എകെജി സെന്ററിലെത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശനാനുമതി നല്‍കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ഉണ്ടായത്. അവര്‍ എകെജി സെന്ററില്‍ പ്രവേശിക്കുകയോ നേതാക്കളെ കാണുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം.

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണങ്ങള്‍ നടക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ചു എന്ന തരത്തില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍

SDPI Leaders Infront of AKG Center
SDPI Leaders Infront of AKG Center

എകെജി സെന്ററിലെ ബോംബ് ആക്രമണത്തിന് ശേഷം എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത വസ്തുതാപരമല്ലെന്ന് എകെജി സെന്ററും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു വാര്‍ത്തയും ചിലര്‍ എകെജി സെന്ററിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും ഇത് വസ്തുതാപരമല്ലെന്നും എകെജി സെന്റര്‍ അറിയിച്ചു. നേതാക്കാളെ കാണാന്‍ താല്‍പര്യം അറിയിച്ച് എത്തിയ ഒരു സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ പുറത്ത് ഇറങ്ങിയ അവര്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അത് ഏറ്റെടുത്ത് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നു എന്നുമായിരുന്നു വിശദീകരണം.

logo
The Fourth
www.thefourthnews.in