മുഖ്യന്ത്രി പിണറായി വിജയന്‍
മുഖ്യന്ത്രി പിണറായി വിജയന്‍

വിദേശയാത്ര പ്രതീക്ഷിച്ചതിലേറെ നേട്ടമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി; യുകെയുമായി തൊഴില്‍ കുടിയേറ്റ കരാര്‍ ഒപ്പിട്ടു

തൊഴിൽ സാധ്യതകൾ , പഠന ഗവേഷണ മേഖലകളുടെ സഹകരണം, കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റാനായെന്ന് മുഖ്യമന്ത്രി

വിവാദമായ വിദേശയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശയാത്ര പ്രതീക്ഷിച്ചതിലേറെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബവുമൊത്ത് യാത്ര നടത്തിയതിൽ യാതൊരു അനൗചിത്യവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉല്ലാസ യാത്ര, ധൂർത്ത് എന്നിങ്ങനെ നെഗറ്റീവ് പരിവേഷം നൽകാനാണ് മാധ്യമങ്ങൾ ശ്രമിച്ചതെന്ന് കുറ്റപ്പെടുത്തി. പഠന ഗവേഷണ മേഖലകളുടെ സഹകരണം, തൊഴിൽ സാധ്യതകൾ , സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക എന്നിങ്ങനെ വിദേശയാത്രയുടെ ലക്ഷ്യങ്ങളിലെല്ലാം പ്രതീക്ഷിയില്‍ കവിഞ്ഞ നേട്ടമുണ്ടാക്കാനായി. തൊഴിലവസരങ്ങൾ പരമാവധി ലഭ്യമാക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കാന്‍ കരാര്‍ ഒപ്പുവച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മൂന്ന് വര്‍ഷം 42,000 നഴ്‌സുമാരുടെ ഒഴിവുണ്ടാകും. യുകെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് നവംബറില്‍ സംഘടിപ്പിക്കും. കേരളത്തില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ അടുത്ത വര്‍ഷം വെയില്‍സിലും എത്തിക്കും. കൃത്യവും പഴുതുകളില്ലാത്തതുമായ റിക്രൂട്ട്‌മെന്റ് എന്ന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയാണ് യുകെ സന്ദർശനത്തിലെ നേട്ടങ്ങളെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

നോർവേയുമായുള്ള സഹകരണം ഫിഷറീസ് രം​ഗത്ത് വലിയ നേട്ടമുണ്ടാക്കും. ജനുവരിയിൽ കേരളത്തിൽ നോർവീജിയൻ സംരംഭക സമ്മേളനം നടത്തും. കുടിവെള്ളത്തിന്റെ കാര്യത്തിലുൾപ്പെടെ നോർവെ മാതൃക അനുകരിക്കാവുന്നതാണെന്ന് മുഖ്യന്ത്രി പറഞ്ഞു. നോർവെ കേരളത്തിലേക്ക് വിദഗ്ധ സംഘത്തെ അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫിൻലൻഡിൽ നിന്നുള്ള വിദ​ഗ്ധ സംഘവും കേരളം സന്ദർശിക്കും. വിദ്യാഭ്യാസമേഖലയിലും തൊഴിൽരം​ഗത്തും ഫിൻലൻഡിന്റെ സഹായവും കേരളത്തിന് ലഭ്യമാകും. വിവിധ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി നൂതന സാങ്കേതിക വിദ്യകളുടെ വികാസത്തിന്റെ സാധ്യതകൾ സംസ്ഥാനത്തിന്റെ വികസനത്തിനായി എങ്ങനെ ഉപയോഗിക്കാമെന്ന് ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു.

ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്നതാണ് വിദേശയാത്രയിലെ പ്രധാന നേട്ടങ്ങളിലൊന്ന്. ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ സംസ്ഥാനം സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുജ ഗ്രൂപ്പിന്‌റെ ഇലക്ട്രിക് വാഹന നിർമാണ ഫാക്ടറി കേരളത്തിൽ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in