'സമരം മുന്‍കൂട്ടി തയ്യാറാക്കിയത്'; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി

'സമരം മുന്‍കൂട്ടി തയ്യാറാക്കിയത്'; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി

മത്സ്യതൊഴിലാളികളുടെ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരത്തില്‍ ബാഹ്യഇടപെടലെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവളം എംഎല്‍എ എം വിന്‍സെന്റ് അവതരിപ്പിച്ച അടിയന്തര പ്രമയ നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഇപ്പോള്‍ നടക്കുന്ന സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണ്. പ്രദേശത്തെ ചിലപ്രതിഷേധങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല സമരത്തില്‍ പങ്കെടുക്കുന്നതെന്നും ആരോപിച്ച അദ്ദേഹം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നും സഭയില്‍ വ്യക്തമാക്കി.

വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കി പുനരധിവസിപ്പിക്കും. വാടക നിശ്ചയിക്കാന്‍ ജില്ലാ കളക്ടറെ നിയോഗിച്ചു.

മത്സ്യതൊഴിലാളികളുടെ പ്രശ്‌നം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത് എന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ സജീവ ഇടപെടല്‍ നടത്തിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കി പുനരധിവസിപ്പിക്കും. വാടക നിശ്ചയിക്കാന്‍ ജില്ലാ കളക്ടറെ നിയോഗിച്ചു. വാടക സര്‍ക്കാര്‍ നല്‍കും. വിഴിഞ്ഞം തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാകുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതിയുടെ പഠനത്തെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ചുഴലിക്കാറ്റും ന്യൂനമര്‍ദ്ദവുമാണ് തീരശോഷണത്തിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കണം എന്ന ആവശ്യം ജനവിരുദ്ധമാണ്. അടിസ്ഥാന രഹിതമായ ഭീതി സൃഷ്ടിക്കരുത്. തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ല. ആരുടെയും വീടും ജീവനോപാധിയും പദ്ധതി മൂലം നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

മണ്ണെണ്ണക്ഷാമം, തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ആഘാതപഠനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. പദ്ധതിയെ കുറിച്ച് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷം പ്രതികരിച്ചത്. പദ്ധതി ഒച്ചിഴയുന്ന പോലെയാണ്. തീരശോഷണമില്ലെന്ന് സര്‍ക്കാരും അദാനിയും ഒരുപോലെ പറയുകയാണ്. വിഴിഞ്ഞത്ത് വലിയ പ്രതിഷേധം നടത്തിട്ടും ഒരു മന്ത്രിപോലും പ്രദേശം സന്ദര്‍ശിക്കാന്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

തീരശോഷണമില്ലെന്ന് സര്‍ക്കാരും അദാനിയും ഒരുപോലെ പറയുന്നെന്ന് പ്രതിപക്ഷം

'സമരം മുന്‍കൂട്ടി തയ്യാറാക്കിയത്'; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി
മധു വധക്കേസ് നാടിന്റെ പ്രശ്നം; നീതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കിവരികയാണെന്ന് നോട്ടീസിന് മറുപടിയായി ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ സഭയെ അറിയിച്ചു. വിഴിഞ്ഞത്ത് പുനര്‍ഗേഹം പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു വരുന്നതായും ഫിഷറീസ് മന്ത്രി വി അബ്ദുറഹ്‌മാന്‍ സഭയെ അറിയിച്ചു. മുട്ടത്തറയില്‍ പത്തേക്കര്‍ ഭൂമി പുനരധിവാസത്തിനായി ഏറ്റെടുക്കും എന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി അറിയിച്ചു.

എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന തുറമുഖ നിര്‍മാണം നിര്‍ത്തണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ അറിയിച്ചു. നിര്‍മാണം നിര്‍ത്തിയാല്‍ സാമ്പത്തിക വാണിജ്യ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

logo
The Fourth
www.thefourthnews.in