എക്‌സാലോജിക് മാസപ്പടി കേസിലെ അന്വേഷണം തടയാൻ സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിൽ

എക്‌സാലോജിക് മാസപ്പടി കേസിലെ അന്വേഷണം തടയാൻ സി എം ആർ എൽ ഡൽഹി ഹൈക്കോടതിയിൽ

അഭിഭാഷകരായ ആദിത്യ ചോദ്പ്ര, സുലക്ഷൻ വി എസ്, മനൻ ഖന്ന എന്നിവർ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻറെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് ഐ ടി സർവീസ് സ്ഥാപനവുമായും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരുമായുമുള്ള സാമ്പത്തിക ഇടപാടുകൾ കമ്പനികാര്യ മന്ത്രാലയവും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുന്നതിന് തടയിടാൻ കൊച്ചിൻ മിനറൽസ് ആൻഡ് റൂടൈൽസ്‌ ലിമിറ്റഡ് (സി എം ആർ എൽ) ന്യൂഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വിലക്കണമെന്ന പ്രത്യേക ആവശ്യം ഉന്നയിച്ചിട്ടില്ലെങ്കിലും ഈ അന്വേഷണങ്ങളും ഇതുമായി ബന്ധപ്പെട്ടു ഭാവിയിൽ ഉണ്ടാകാവുന്ന എല്ലാ അന്വേഷണങ്ങളും വിലക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളതിനാൽ ഇ ഡി അന്വേഷണവും ഹർജിയുടെ പരിധിയിൽ വരും. 

ഇൻകം ടാക്സ് സെറ്റിൽമെന്റ് കമ്മിഷന് മുന്നിൽ സി എം ആർ എൽ വെളിപ്പെടുത്തിയ വിവരങ്ങളും കമ്പനിയുമായി ബന്ധപ്പെട്ട് കമ്മിഷന് മുന്നിൽ ഹാജരാക്കിയ ഓഡിറ്റ് റിപ്പോർട്ട് അടക്കമുള്ള രേഖകളും തീർത്തും രഹസ്യ സ്വഭാവമുള്ളതാണെന്നും മറ്റ് വ്യക്തികൾക്കോ അന്വേഷണ ഏജൻസികൾക്കോ അവ കൈമാറുന്നത് നിയമവിരുദ്ധവുമാണെന്നുമാണ് സി എം ആർ എൽ വാദം. 

സി എം ആർ എൽ ഓഹരി ഉടമയും ബിജെപി നേതാവുമായ ഷോൺ ജോർജിന്റെ പരാതിയിലാണ് കമ്പനികാര്യ മന്ത്രാലയം ആദ്യം ഉന്നത തല അന്വേഷണം പ്രഖ്യാപിക്കുന്നത്. ആ അന്വേഷണം നിലവിലിരിക്കെ ആ സമിതിയിലെ ഉദ്യോഗസ്ഥരെ തന്നെ ഉൾപ്പെടുത്തി എസ് എഫ് ഐ ഒ അന്വേഷണത്തിനും ഉത്തരവായി. ഷോൺ ജോർജിന്റെ പരാതിയിന്മേലാണ് ഈ അന്വേഷണവും നടത്തുന്നത്.

എന്നാൽ ഷോൺ ജോർജ് സമർപ്പിച്ച പരാതിക്ക് ആധാരം ഐ ടി സെറ്റിൽമെന്റ് കമ്മിഷൻ സി എം ആർ എൽ നൽകിയ പരാതിയിൽ പുറപ്പെടുവിച്ച അന്തിമ ഉത്തരവും ആ കേസുമായി ബന്ധപ്പെട്ടു സമർപ്പിച്ച രേഖകളും ആണെന്നാണ് സി എം ആർ എലിന്റെ വാദം. കഴിഞ്ഞ മാസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഈ കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയും ഇന്നുമായി കൊച്ചിയിൽ സി എം ആർ എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചിരുന്നു. 

ഐ ടി നിയമത്തിന്റെ 245 ജി, 245 ഐ വകുപ്പുകൾ പ്രകാരം കമ്മീഷന് മുന്നിൽ സമർപ്പിക്കുന്ന രേഖകൾ രഹസ്യ സ്വഭാവം ഉള്ളതാണെന്നും അത് പുറത്തുള്ള ആർക്കും കൈമാറാൻ പാടില്ലെന്നും നിയമം ഉദ്ധരിച്ച് സി എം ആർ എൽ വാദിക്കുന്നു. കമ്മീഷന്റെ തീർപ്പ് അനുസരിച്ചുള്ള ആദായ നികുതി കുടിശ്ശികയും പിഴയും കമ്പനി അടച്ചതാണെന്നും ആ തീർപ്പ് അന്തിമമാണെന്നുമാണ് അഭിഭാഷകരായ ആദിത്യ ചോദ്പ്ര, സുലക്ഷൻ വി എസ്, മനൻ ഖന്ന എന്നിവർ മുഖേന ഇന്നലെ ഫയൽ ചെയ്ത ഹർജിയിലെ പ്രധാന വാദം.

ഐ ടി നിയമത്തിലെ പ്രസ്തുത വകുപ്പുകൾ അനുസരിച്ച് സെറ്റിൽമെന്റ് കമ്മിഷൻ നടപടികൾ തീർപ്പാക്കുന്നത് അന്തിമമായാണെന്നും മറ്റ് നിയമങ്ങൾ അനുസരിച്ച് അത് പുനർ അന്വേഷണത്തിന് വിധേയമാക്കാൻ പാടില്ലെന്നുമാണ് കമ്പനിയുടെ വാദം. ഐ ടി വകുപ്പ് കമ്മിഷന് മുന്നിൽ ലഭ്യമായ വിവരങ്ങൾ കമ്പനികാര്യ വകുപ്പിന് കൈമാറിയത് നിയമവിരുദ്ധമാണ്. അതുകൊണ്ട് തന്നെ ആ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തുടർ അന്വേഷണം നിലനിൽക്കില്ല തുടങ്ങിയ വാദങ്ങളും ഹർജിയിലുണ്ട്. 

ഈ അന്വേഷണ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനു മുൻപ് സി എം ആർ എലിന്റെ വിശദീകരണം തേടാതിരുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിക്കാർ വാദിക്കുന്നുണ്ട്. സെറ്റിൽമെന്റ് കമ്മിഷന്റെ ഉത്തരവ് പോലും പൊതുമണ്ഡലത്തിൽ ലഭ്യമാകേണ്ടതല്ലെന്ന് നിയമം പറയുന്നു. കേസിലെ കക്ഷികൾക്ക് പ്രത്യേക അപേക്ഷ നൽകി മാത്രം സ്വായത്തമാക്കാൻ കഴിയുന്നതാണ് ഉത്തരവിന്റെ പകർപ്പ്. ഈ കേസിൽ ഐ ടി വകുപ്പാണ് അങ്ങനെ ഉത്തരവിന്റെ പകർപ്പെടുക്കാൻ കഴിയുന്ന കക്ഷി. ആ ഉത്തരവ് മൂന്നാം കക്ഷിയായ ഷോൺ ജോർജിന്റെ കൈവശം വന്നതും അദ്ദേഹത്തിന്റെ പരാതിക്ക് ആധാരമായതും ദുരൂഹമാണെന്ന് സി എം ആർ എൽ ആരോപിക്കുന്നു. 

logo
The Fourth
www.thefourthnews.in