അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ്: പരാതി, കേസ്, അന്വേഷണം; ഇത് വല്ലതും നീ അറിയുന്നുണ്ടോ അരിക്കൊമ്പാ?

അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ്: പരാതി, കേസ്, അന്വേഷണം; ഇത് വല്ലതും നീ അറിയുന്നുണ്ടോ അരിക്കൊമ്പാ?

സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും അരിക്കൊമ്പന് വേണ്ടി പണം വന്നു

അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കാമെന്ന് പറഞ്ഞ് വാട്സാപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. 'എന്നും അരിക്കൊമ്പനൊപ്പം'എന്ന പേരില്‍ എറണാകുളം സ്വദേശി സിറാജ് ലാല്‍ രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പില്‍ അഡ്മിന്മാരായിരുന്ന രശ്തി സ്റ്റാലിന്‍, പ്രവീണ്‍കുമാര്‍ എന്നിവർ തന്നെ അഡ്വ ശ്രീജിത്ത് പെരുമന മുഖേന സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാറിന് ഡിജിപി പരാതി കൈമാറി. സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

'എന്നും അരിക്കൊമ്പനൊപ്പം' എന്ന വാട്സാപ്പ് ഗ്രൂപ്പിന് പുറമേ 14 ജില്ലകളിലും സമാനപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടായിരുന്നുവെന്ന് പരാതിക്കാര്‍ പറയുന്നു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും അരിക്കൊമ്പന് വേണ്ടി പണം വന്നിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ കിട്ടിയെന്നും മൂന്ന് ലക്ഷം രൂപ വരുമെന്നും ഇപ്പോഴത്തെ പരാതിക്കാരടങ്ങുന്ന അഡ്മിന്മാരുടെ ഗ്രൂപ്പില്‍ മുമ്പ് മെസേജ് വന്നിരുന്നുവെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലുണ്ട്. സിറാജ് ലാലിന് പുറമേ വിദേശത്തുള്ള സാറാ ജേക്കബും അരിക്കൊമ്പന്റെ പേരില്‍ പണം തട്ടിയെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു.

ഇതേ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച പൊടിപൊടിയ്ക്കുകയാണ്. പണം തട്ടിയെന്ന് പറയപ്പെടുന്ന ഗ്രൂപ്പില്‍ അംഗങ്ങളായവര്‍ തമ്മിലാണ് വാക്പോര്. ഒരു തരത്തിലുള്ള പിരിവും നടന്നിട്ടില്ലെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നു.

ഡിജിപിക്ക് പുറമേ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്‍ വേണു, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് കൈമാറി. അരിക്കൊമ്പന്റെ പേരില്‍ പണപ്പിരിവ് നടക്കുന്നുവെന്ന ആക്ഷേപം വിവിധ കര്‍ഷക സംഘടനകള്‍ക്കുമുണ്ട്. അരിക്കൊമ്പന്‍റെ പേര് പറഞ്ഞ് ചിലര്‍ ഏഴ് ലക്ഷം രൂപ പിരിച്ചെന്ന സംശയം വനം മന്ത്രി എകെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in