'വരൂ, ബസിലെ ആഡംബരം പരിശോധിക്കൂ'', മാധ്യമങ്ങളോട് മുഖ്യമന്ത്രി

'വരൂ, ബസിലെ ആഡംബരം പരിശോധിക്കൂ'', മാധ്യമങ്ങളോട് മുഖ്യമന്ത്രി

കുറച്ചു ദിവസങ്ങളായി നവകേരള ബസിന്റെ ആഡംബര സൗകര്യങ്ങളെ പറ്റി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു

നവകേരള സദസിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന്റെ ആഡംബരം എന്തെന്ന് നേരിട്ട് കണ്ടറിയാന്‍ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം മഞ്ചേശ്വരത്ത് നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞങ്ങളും ഈ ബസില്‍ ആദ്യമായാണ് കയറിയത്. ബസിന്റെ ആഡംബരം എന്താണെന്ന് ഞങ്ങള്‍ എത്ര പരിശോധിച്ചിട്ടും മനസ്സിലായില്ല. ഏതായാലും ഞങ്ങളുടെ പരിശോധന കൊണ്ടു മാത്രം അവസാനിപ്പിക്കേണ്ടതില്ല. ഈ പരിപാടിക്ക് ശേഷം ഞങ്ങള്‍ എല്ലാവരും അതേ ബസില്‍ കയറിയാണ് കാസര്‍കോടേക്ക് പോകുന്നത്. ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥനയുള്ളത്. ഞങ്ങള്‍ കയറി ഇരുന്നതിന് ശേഷം നിങ്ങളും ആ ബസില്‍ ഒന്നു കയറണം, നിങ്ങള്‍ വന്ന് അകമാകെ പരിശോധിക്കാം. അതിന് നിങ്ങളെയെല്ലാം സാക്ഷിയാക്കി മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയാണ്,'' അദ്ദേഹം പറഞ്ഞു.

'വരൂ, ബസിലെ ആഡംബരം പരിശോധിക്കൂ'', മാധ്യമങ്ങളോട് മുഖ്യമന്ത്രി
'2016 ന് മുമ്പ് കേരളീയർ നിരാശർ, ഇപ്പോൾ ലോകം ശ്രദ്ധിക്കുന്ന നാടായി'; നവകേരള സദസ്സിൽ പ്രതിപക്ഷത്തെ ആക്രമിച്ച് മുഖ്യമന്ത്രി

കുറച്ചു ദിവസങ്ങളായി നവകേരള ബസിന്റെ ആഡംബര സൗകര്യങ്ങളെ പറ്റി പല തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. മുഖ്യമന്ത്രിക്കായി പ്രത്യേക കാബിനും കോണ്‍ഫറന്‍സിനായി മേശയും ബസിനുള്ളില്‍ കയറാനായി ചെറിയ ലിഫ്റ്റുമൊക്കെ ഉണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. എന്നാല്‍ ബംഗളുരുവിലെ വര്‍ക്ക് ഷോപ്പില്‍ ബോഡി നിര്‍മാണം പൂര്‍ത്തിയാക്കിയ ബസ് ഇന്നലെ രാത്രി കാസര്‍കോട്ടേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ മാത്രമാണ് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

നവകേരള സദസ് ഉദ്ഘാടനത്തിനു തൊട്ടുമുന്‍പ് വ്യവസായ മന്ത്രി പി രാജീവ് സാമൂഹിക മാധ്യമങ്ങളിലൂടെ ബസിന്റെ ഉള്ളിലെ സൗകര്യങ്ങള്‍ വിശദമാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും വിഡിയോയില്‍ കാണാം.

തിരുത്ത്

നവംബര്‍ 15ന് 'ദ ഫോര്‍ത്ത്' പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ നവകേരള സ്‌പെഷ്യല്‍ ബസില്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന ചില സൗകര്യങ്ങള്‍ ഒരു വാര്‍ത്ത സ്രോതസ് നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. മുഖ്യമന്ത്രിക്കായി പ്രത്യേക കാബിന്‍, കോണ്‍ഫറന്‍സ് നടത്താന്‍ റൗണ്ട് ടേബിള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബസില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത് വസ്തുതാപരമായ തെറ്റാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. വേണ്ടത്ര അവധാനതയില്ലാതെ അത്തരം ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ റിപ്പോര്‍ട്ട് ഞങ്ങള്‍ പിന്‍വലിക്കുന്നു.

- പത്രാധിപര്‍

logo
The Fourth
www.thefourthnews.in