കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; ഉന്നതാധികാര സമിതി ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും

കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം; ഉന്നതാധികാര സമിതി ഇന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കും

ഡിസംബർ 23നാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയത്

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി ഇന്ന് തെളിവെടുക്കും. കോട്ടയം കളക്ടറേറ്റിൽ രാവിലെ 11മണി മുതലാണ് സിറ്റിങ്. വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർക്ക് അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴിയായോ എഴുതി തയാറാക്കിയ പരാതിയായോ സമർപ്പിക്കാവുന്നതാണ്. വിദ്യാർഥികൾ ഉയർത്തുന്ന വിഷയങ്ങളെ പറ്റി അന്വേഷിക്കാനും രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷനെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്.

ഡിസംബർ 23നാണ് കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ ഉത്തരവിറക്കിയത്. അതിന് പിന്നാലെ വിദ്യാർഥികൾ നടത്തിയ പ്രസ് മീറ്റിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ പറ്റി ഗുരുതര ആരോപണങ്ങൾ വിദ്യാർഥികൾ ഉന്നയിച്ചിരുന്നു. ജാതീയ വേർതിരിവുകളെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷനിൽ ഒരു എസ് സി/ എസ് ടി പ്രതിനിധി പോലുമില്ല. സർക്കാർ വിദ്യാർത്ഥികളുമായി കൃത്യമായി ആശയവിനിമയം നടത്തിയിട്ടുമില്ല. ഇടയ്ക്കിടെ അന്വേഷണ കമ്മീഷനുകളെ നിയമിച്ചത് കൊണ്ട് എന്താണ് കാര്യമെന്നും അവർ ചോദിച്ചു. അതേസമയം, അന്വേഷണ കമ്മിഷൻ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സംഭവങ്ങളിൽ ആശങ്കയുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. വിഷയം പഠിക്കാൻ നിയോഗിക്കപ്പെടുന്ന രണ്ടാമത്തെ കമ്മീഷനാണ് ഇപ്പോഴത്തേത്. ആദ്യത്തെ കമ്മീഷന് മുൻപാകെ ഹാജരാകുന്നതിൽ നിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞിരുന്നു.

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സംവരണ അട്ടിമറി നടന്നതിനെതിരെ കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. 2022 ബാച്ചിലേക്ക് നടന്ന അഡ്മിഷനുമായി ബന്ധപ്പെട്ട് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടർ, കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹന് അയച്ച കത്താണ് പുറത്തായത്.

logo
The Fourth
www.thefourthnews.in