മിണ്ടിയാല്‍ പോര്; ആലപ്പുഴ സിപിഎമ്മിലെ ഉള്‍പ്പോര്‍ രാഷ്ട്രീയം

മിണ്ടിയാല്‍ പോര്; ആലപ്പുഴ സിപിഎമ്മിലെ ഉള്‍പ്പോര്‍ രാഷ്ട്രീയം

ഏറെ നാളായി ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്ന കുട്ടനാട്ടിലെ വിഭാഗീയതയുടെ ബാക്കിപത്രമായിരുന്നു ഞായറാഴ്ച രാത്രിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍

തമ്മില്‍ തല്ല്, സംഘര്‍ഷം, കൂട്ടരാജി, വിഭാഗീയത മൂര്‍ച്ഛിച്ച് ആലപ്പുഴയിലെ സിപിഎം. തലപൊക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും വിഭാഗീയതയിലേക്ക് നീങ്ങുന്ന അവസ്ഥയിലാണ് ജില്ലയിലെ പാര്‍ട്ടി. ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത മൂര്‍ധന്യത്തില്‍ നില്‍ക്കുന്നതിനിടെ പ്രാദേശിക തലത്തില്‍ ശക്തമായി ഉയര്‍ന്ന് വരുന്ന വിഭാഗീയ പ്രശ്‌നങ്ങളെ പരിഹരിക്കാനാവാതെ കുരുക്കിലാണ് ജില്ലാ സംസ്ഥാന നേതൃത്വം. കുട്ടനാട്ടിലെ സിപിഎമ്മിലെ വിഭാഗീയത തെരുവ് യുദ്ധത്തിലാണ് കലാശിച്ചത്.

ഏറെ നാളായി ഒളിഞ്ഞും തെളിഞ്ഞും പുറത്ത് വന്ന കുട്ടനാട്ടിലെ വിഭാഗീയതയുടെ ബാക്കിപത്രമായിരുന്നു ഞായറാഴ്ച രാത്രിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ പ്രാദേശിക നേതാക്കളുള്‍പ്പെടെ ആറ് പേര്‍ക്ക് പരുക്കേറ്റു. ആക്രമിച്ചത് സിപിഎമ്മുകാരല്ലെന്നാണ് ജില്ലാ സെക്രട്ടറിയുടെ വിശദീകരണമെങ്കിലും ആക്രമിച്ചവരും പരുക്കേറ്റവരും പാര്‍ട്ടിക്കാര്‍ തന്നെയെന്നാണ് പോലീസ് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മില്‍ മൂന്നിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. കഴിഞ്ഞ സമ്മേളനകാലം മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്നും എഫ്‌ഐആറില്‍ പറയുന്നു. ലഹരി മാഫിയാ സംഘമാണ് ആക്രമണം നടത്തിയതെന്ന ജില്ലാ കമ്മിറ്റിയുടെ വിശദീകരണത്തെ ഖണ്ഡിച്ചുകൊണ്ടാണ് പോലീസ് എഫ്‌ഐആര്‍ പുറത്ത് വന്നത്. നിലവില്‍ ജില്ല കമ്മിറ്റിയിലെ വിഭാഗീയത പരിഹരിക്കാനാവാത്ത തരത്തില്‍ പുതിയ തലങ്ങളിലേക്കെത്തിയിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.

ജി സുധാകരനും തോമസ് ഐസക്കുമായിരുന്നു ജില്ലയില്‍ രണ്ട് പക്ഷങ്ങളായി നിന്നിരുന്നത്. ഇരുപേരേയും നിഷ്‌കാസനം ചെയ്തപ്പോഴും രണ്ട് പക്ഷത്തും നിന്നവര്‍ വിഭാഗീയത തുടര്‍ന്നു. അത് പിന്നീട് സജി ചെറിയാന്‍ പക്ഷവും ആര്‍ നാസറിന്റെ പക്ഷവും ആയി മാറി. ജില്ലാ സെക്രട്ടറിയേക്കാള്‍ മറുവിഭാഗത്തിനാണ് ആള്‍ബലം. ചിത്തരഞ്ജനും സത്യപാലനുമാണ് ആര്‍ നാസറിനൊപ്പം നില്‍ക്കുന്ന പ്രധാനികള്‍. മറ്റുള്ളവരെല്ലാം ചേര്‍ന്ന് ശക്തമായ നിരയാണ് മറുപക്ഷത്ത്. അവസാന വാക്ക് സജിയുടെ പക്ഷമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന ആരോപണം ഔദ്യോഗിക പക്ഷത്തിനുള്ളില്‍ ശക്തമാണ്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തില്‍ ജില്ലയില്‍ ഏരിയാകമ്മിറ്റികള്‍ പിടിച്ചെടുക്കാന്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വിഭാഗീയതയില്‍ ആലപ്പുഴ സൗത്ത്, നോര്‍ത്ത്, ഹരിപ്പാട്, മാന്നാര്‍, തകഴി, ഏരിയാ കമ്മറ്റികളില്‍ ഔദ്യോഗിക പക്ഷത്തിനെ അട്ടിമറിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് നടന്നു. അതോടെ ജില്ലയിലെ വിഭാഗീയത ശരിയായ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ഈ വിഷയത്തില്‍ പിന്നീട് സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയമിച്ചു. ടി പി രാമകൃഷ്ണനും പി കെ ബിജുവിനും ആയിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മറ്റിക്ക് കൊടുത്തു എങ്കിലും ജില്ലാ കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല.

പി പി ചിത്തരഞ്ജന് നിര്‍ണായക സ്വാധീനമുള്ള സൗത്ത് ഏരിയാ കമ്മിറ്റിയില്‍ പി പി സോണയ്‌ക്കെതിരെ ലൈംഗിക വീഡിയോ സൂക്ഷിച്ചെന്ന വിവാദം ഉയര്‍ന്നത് പോര് ശക്തമാക്കി. എതിര്‍ പക്ഷത്തിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്ന് ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്നവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ വീഡിയോ വിഷയം വിവാദമാക്കിയപ്പോള്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുറത്ത് വന്നു. ജില്ലാ കമ്മറ്റി സോണയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

അതേസമയം തന്നെ സജി ചെറിയാനെ അനുകൂലിക്കുന്ന ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റി അംഗം ഷാനവാസിന്റെ വാഹനത്തില്‍ ഒരു കോടി രൂപയിലധികം വരുന്ന പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷന് കീഴില്‍ പിടിച്ചു. ഇക്കാര്യത്തില്‍ ഷാനവാസിന് പങ്കുണ്ടെന്ന വിവാദം ഉയര്‍ന്നു. വീഡിയോ വിവാദം കുത്തിപ്പൊക്കിയതിന്റെ പ്രതികാരത്തിലാണ് ഷാനവാസിന്റെ പേര് ഇതില്‍ പെടുത്തിയതെന്ന് ഒരു വിഭാഗം ആരോപിച്ചു. തനിക്ക് അറിയില്ല, വാഹനം വാടകയ്ക്ക് നല്‍കിയതാണ് എന്ന് പറഞ്ഞ് ഷാനവാസ് വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറി. സി വ്യൂ വാര്‍ഡ് കമ്മിറ്റി അംഗമായ ഇജാസിനെ പോലീസ് ഈ കേസില്‍ അറസ്റ്റ് ചെയ്തു.

അതേസമയം ഇജാസും ആ സംഘത്തിലുള്ളവരെല്ലാം തന്നെ ഷാനവാസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവന്നു. സിപിഎം ജില്ലാ കമ്മിറ്റി ചേര്‍ന്ന് ഷാനവാസിനെ ഏരിയാ കമ്മറ്റിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റ് അംഗം ബാബുജാന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഈ അന്വേഷണ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല.

ഇതിനിടയില്‍ ഷാനവാസിനെ പോലീസ് കേസില്‍ നിന്ന് രക്ഷപെടുത്താന്‍ ഇടപെടൽ ഉണ്ടായി എന്ന വിവാദങ്ങളും ഉയര്‍ന്നു. ജില്ലാ സെക്രട്ടേറിയറ്റിലും ഈ വിഷയം പരസ്പരം പോര്‍വിളിയിലേക്ക് എത്തിച്ചേര്‍ന്നു. സോണ അശ്ലീല വിഡീയോ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സജി ചെറിയാന്റെ നേതൃത്വത്തിലാണ് തന്നെ പുറത്താക്കിയതെന്ന് പറഞ്ഞ് രംഗത്തെത്തി.

ജില്ലാ കമ്മിറ്റി ചേരുന്ന ദിവസമായിരുന്നു ആ പ്രതികരണം. അന്ന് ചേര്‍ന്ന കമ്മിറ്റിയില്‍ എച്ച് സലീം, എ മഹീന്ദ്രന്‍, എം എച്ച് റഷീദ്, കെ എച്ച് ബാബുജാന്‍ എന്നിവര്‍ സംഘടിതമായി ജില്ലാ സെക്രട്ടറിക്കെതിരെ ആരോപണവുമായി ആഞ്ഞടിച്ചു. സജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തുന്നതായും ആരോപണമുയര്‍ന്നു. ഇങ്ങനെ രണ്ട് പക്ഷവും ശത്രുതയില്‍ മുന്നോട്ട് പോവുന്നതിനിടെയാണ് ഇരുപക്ഷത്തും ഇല്ലാത്ത കുട്ടനാട്ടില്‍ വിഭാഗീയത അണപൊട്ടിയത്.

കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലയളവില്‍ കുട്ടനാട്ടിലെ പത്ത് ലോക്കല്‍ കമ്മിറ്റികളിലെങ്കിലും മത്സരം നടന്നു. വിജയിച്ചവര്‍ എതിര്‍പക്ഷത്തുള്ളവരെ തലപൊങ്ങാന്‍ അനുവദിച്ചില്ല. ഒരു കാര്യത്തിലും പരിഗണന നല്‍കിയില്ല എന്ന പരാതി അന്ന് മുതല്‍ നിലനില്‍ക്കുന്നു. പഞ്ചായത്ത്, കുടുംബശ്രീ, ബാങ്ക് തിരഞ്ഞെടുപ്പുകള്‍ നടന്നപ്പോഴെല്ലാം പരാതി കൂടുതല്‍ ശക്തമായി. പ്രവര്‍ത്തനങ്ങളിലോ മറ്റ് കാര്യങ്ങളിലോ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും ഔദ്യോഗിക പക്ഷം പരിസരത്ത് പോലും അടുപ്പിച്ചില്ല എന്ന ആരോപണം മറുപക്ഷം ഉന്നയിച്ചു. അവഗണനയിലെ പ്രതിഷേധം അണപൊട്ടിയാണ് പാര്‍ട്ടിക്ക് വിമത വിഭാഗം പരാതി നല്‍കുന്നത്. എന്നാല്‍ പരാതി നല്‍കിയിട്ടും ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തത് പോലുമില്ല.

പരസ്പരം വിഭാഗീയതയില്‍ നിക്കുന്ന ജില്ലാ നേതൃത്വത്തിന് കുട്ടനാട്ടിലെ വിഷയത്തില്‍ വേണ്ടരീതിയില്‍ ഇടപെടാനും കഴിഞ്ഞില്ല. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജിക്ക് ഇത് കാരണമായി. രാജിവച്ച പാര്‍ട്ടി അംഗങ്ങളുടെ എണ്ണം 300 കവിഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോള്‍ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇടപെട്ടു. ചര്‍ച്ച ചെയ്യാന്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. സെക്രട്ടേറിയറ്റ് അംഗങ്ങളെ ലോക്കല്‍ കമ്മിറ്റികളിലേക്ക് പറഞ്ഞുവിട്ട് ജനുവരി 28ന് പ്രശ്‌നപരിഹാര അദാലത്ത് കുട്ടനാട്ടില്‍ നടന്നു. അര്‍ഹമായ പ്രാതിനിധ്യവും പരിഗണനയും വിമതവിഭാഗം ആവശ്യപ്പെട്ടു. പാര്‍ട്ടി അംഗം പോലും അല്ലാത്തവരെ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നത് നിര്‍ത്തണമെന്ന ആവശ്യവും അദാലത്തില്‍ ഉന്നയിക്കപ്പെട്ടു. എന്നാല്‍ പരാതികളില്‍ നല്‍കിയ ഉറപ്പ് ജില്ലാ നേതൃത്വം പാലിച്ചില്ല. ഇതാണ് ചോരക്കളിയിലേക്ക് നീണ്ടത്. ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത മൂര്‍ച്ഛിച്ച് നില്‍ക്കെ തദ്ദേശീയ വിഭാഗീയത സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in