കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ സിറിയക് ജോൺ അന്തരിച്ചു
കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയുമായ സിറിയക് ജോൺ (90) അന്തരിച്ചു. മകൻ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മറവി രോഗത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു സിറിയക് ജോൺ. എൻസിപി സംസ്ഥാന പ്രസിഡണ്ടായിരുന്ന അദ്ദേഹം 17 വർഷം തിരുവമ്പാടി നിയോജക മണ്ഡലത്തിൽ എംഎൽഎആയിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവമ്പാടി കല്‍പ്പറ്റ മണ്ഡലങ്ങളെ നിയമ സഭയില്‍ പ്രതിനിധീകരിച്ചിട്ടുള്ള സിറിയക് ജോണ്‍ കൽപറ്റയിൽ കൺഗ്രെസ്സ് (ആർ) പ്രതിനിധിയായും, തിരുവമ്പാടിയിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയുമായാണ് മത്സരിച്ചത്.
കുടിയേറ്റ കർഷകനേതാവ് എന്ന നിലയില്‍ ശ്രദ്ധേയനായ സിറിയക് ജോണ്‍ കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ചിട്ടുണ്ട്. മലയോരമേഖലയുടെ വികസനത്തിനായി ഏറെ പ്രയത്നിച്ച നേതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്. 1970ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നത്. കൽപറ്റ മണ്ഡലത്തിൽ കെ കെ അബുവിനെ തോൽപിച്ചുകൊണ്ട് തുടക്കം. 1977ൽ തിരുവമ്പാടിയിൽ ഇ ടി മുഹമ്മദ് ബഷീറിനെതിരെ ജയിച്ചുകയറി. 1980ൽ ഇടതുമുന്നണിക്കൊപ്പം ആൻറണി കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചു. 1982ൽ കോൺഗ്രസ്- ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയിൽ ഹാട്രിക് വിജയം നേടി. കെ. കരുണാകരൻ മന്ത്രിസഭയിൽ 15 മാസം കൃഷിമന്ത്രിയുമായി.
'91ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് പരിഗണിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. '96ലും 2001ലും തോറ്റതോടെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. കോൺഗ്രസിനോട് വിടപറഞ്ഞ് എൻസിപിയിലേക്ക് പോയ സിറിയക്ജോൺ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്കുവരെ ഉയർന്നു. എന്നാൽ, 2007ൽ ആയിരത്തോളം അനുയായികൾക്കൊപ്പം കോഴിക്കോട്ട് വെച്ച് കോൺഗ്രസിലേക്ക് തിരിച്ചു പോവുകയായിരുന്നു.
പാർലമെൻററി രാഷ്ട്രീയത്തിനൊപ്പം സഹകരണമേഖലയിലും സിറിയക് ജോണിന് തിളങ്ങാനായിട്ടുണ്ട്. മാർക്കറ്റ്ഫെഡിനെ ഏറെ നാൾ നയിച്ചു. താമരശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പദവിയിലും ഏറെനാളുണ്ടായിരുന്നു.
മൃതദേഹം രാവിലെ 10.30 മുതൽ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വെക്കും. വൈകീട്ട് കട്ടിപ്പാറ ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ സംസ്ക്കാരം. പരേതയായ അന്നക്കുട്ടി സിറിയകാണ് ഭാര്യ.