എഐയില്‍ തുടങ്ങി കെ ഫോണിലേക്ക്; മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം
കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്നില്‍ വന്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം. എഐ ക്യാമറ വിവാദത്തില്‍ തുടങ്ങിയ ആരോപണങ്ങള്‍ കെഫോണിലേക്കും, ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയും നേരിട്ട് ലക്ഷ്യം വയ്ക്കുകയാണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ആരോപണങ്ങളുമായി രംഗത്ത് എത്തിയത്. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ മിടുക്കരാണ് പിണറായി സർക്കാർ എന്ന് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എഐ ക്യാമറ തട്ടിപ്പിലും കെ ഫോണിലും വൻ തോതിലുള്ള അഴിമതിയാണ് സംസ്ഥാനത്ത് നടന്നതെന്നാണ് ആരോപിച്ച് രമേശ് ചെന്നിത്തല ഉയര്‍ത്തിയ ആരോപണം. കെ ഫോണിലെ ഏറ്റവും വലിയ തീവെട്ടിക്കൊള്ള എന്ന് പറയുന്നത് ഏഴ് വര്‍ഷത്തേയ്ക്ക് മെയിന്റനന്‍സിനു മാത്രമായി 363 കോടി വകയിരുത്തിയ നടപടി ആണെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ആരോപിച്ചു.
ഏഴ് വര്‍ഷത്തെ മെയിന്റനനസിന് വേണ്ടി 363 കോടി രൂപ ആദ്യ ടെന്‍ഡറില്‍ വകയിരുത്തിയ ശേഷം വീണ്ടും എന്തിനാണ് ടെന്‍ഡര്‍ വിളിച്ച് വരുമാനത്തിന്റെ 12 ശതമാനം വരെ നല്‍കാന്‍ തീരുമാനിച്ചത്
കോവിഡ് വന്നപ്പോള്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ വിദേശ കമ്പനിക്ക് വിറ്റ് കാശാക്കാന്‍ നടത്തിയ സ്പ്രിങ്‌ളര്‍ അഴിമതി പോലെയും, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ് പോലുള്ള ആസൂത്രിതമായ മറ്റൊരു തട്ടിപ്പാണ് നടക്കുന്നത് എന്നാണ് മുന്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണം. മെയിന്റനന്‍സ് ഉള്‍പ്പെടെ 363 കോടി രൂപ എസ്ആര്‍ഐടിക്കും ഭാരത് ഇലക്ട്രോണിക്‌സിനും നല്‍കിയിട്ടും കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ എസ്ആര്‍ഐടിയുടെ ടെന്‍ഡര്‍ അംഗീകരിച്ച് ഉത്തരവിറക്കുന്നു. ഇതില്‍ പറയുന്നത് കെ ഫോണ്‍ വരുമാനത്തിന്റെ പത്ത് ശതമാനം മുതല്‍ 12 ശതമാനം വരെ ഈ കമ്പനിയ്ക്ക് നല്‍കാമെന്നാണ്. ഏഴ് വര്‍ഷത്തെ മെയിന്റനനസിന് വേണ്ടി 363 കോടി രൂപ ആദ്യ ടെന്‍ഡറില്‍ വകയിരുത്തിയ ശേഷം വീണ്ടും എന്തിനാണ് ടെന്‍ഡര്‍ വിളിച്ച് വരുമാനത്തിന്റെ 12 ശതമാനം വരെ നല്‍കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ ദുരൂഹമായ ഇടപാടുകളാണ് ഇതിലൂടെയെല്ലാം വ്യക്തമാകുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.
എ.ഐ ക്യാമറകള്‍ വച്ചുള്ള സേഫ് കേരളാ പദ്ധതിക്ക് രൂപം നല്‍കുന്നതിന് വളരെ മുന്‍പ് തന്നെ ഈ തട്ടിപ്പിന്റെ ഗൂഢാലോചനകളും നീക്കങ്ങളും നടന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന രേഖകള്‍ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആദ്യം അഴിമതി നടത്താനുള്ള തന്ത്രം തയ്യാറാക്കി. അതിനുള്ള കമ്പനികളും രംഗത്തെത്തി. അത് കഴിഞ്ഞാണ് അഴിമതി നടത്താന്‍ പാകത്തിന് പദ്ധതി തയ്യാറാക്കുന്നത്. അടിമുടി കൃത്രിമവും ഒത്തുകളിയും നിറഞ്ഞിരിക്കുന്നത് അതിനാലാണ്. എസ്ആര്‍ഐടി, അക്ഷര എന്റര്‍പ്രൈസസ്, അശോകാ ബില്‍ഡ്കോണ്‍ എന്നീ കമ്പനികളാണല്ലോ ഇതിന്റെ ടെണ്ടറില്‍ പങ്കെടുത്തത്. സേഫ് കേരള പദ്ധതിയുടെ ഇ ടെണ്ടര്‍ നടപടി നടക്കുന്നതിന് മുന്‍പ് തന്നെ എസ്ആര്‍ഐടിയും അശോകയും തമ്മില്‍ ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് എന്ന് വ്യക്തമാക്കുന്ന രേഖകളും രമേശ് ചെന്നിത്തല പുറത്ത് വിട്ടു.
ക്യാമറ ഇടപാടിനെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണിന് പിന്നില്‍ നടത്തിയതെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. എ.ഐ ക്യാമറ ഇടപാടിനും കെ ഫോണ്‍ പദ്ധതിക്കും പിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുണ്ട്. വളരെ വേഗത്തില്‍ തീര്‍ക്കേണ്ട പദ്ധതിയായത് കൊണ്ട് 50 ശതമാനം ടെന്‍ഡര്‍ എക്സസ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത് ശിവശങ്കറാണ്. സൗജന്യ ഇന്റര്‍നെറ്റ് സാധാരണക്കാരന്റെ അവകാശമാണെന്ന് പറഞ്ഞാണ് കെ ഫോണ്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നിട്ടും ആറ് വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തിയായില്ല. ഇത്രയും പണം മുടക്കിയിട്ടും ഇപ്പോള്‍ 14000 പേര്‍ക്ക് മാത്രമെ ഇന്റര്‍നെറ്റ് ലഭ്യമാക്കൂ എന്നാണ് പറയുന്നത്. അപ്പോള്‍ സര്‍ക്കാര്‍ പണം മുടക്കിയത് ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഈ കറക്ക് കമ്പനികള്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമായിരിക്കുകയാണ്.
അഴിമതിക്കേസുകളില്‍ ലോകായുക്തയെയോ വിജിലന്‍സിനെയോ സമീപിച്ചിട്ട് കാര്യമില്ലെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ അത് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിക്കും. പ്രതിപക്ഷം ഹാജരാക്കിയ രേഖകളുടെ വിശ്വാസ്യത ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. പ്രതിപക്ഷം പുറത്ത് വിട്ട രേഖകള്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും. രേഖകള്‍ ഇല്ലാതെ ഒരു ആരോപണവും പ്രതിപക്ഷം ഇതുവരെ ഉന്നയിച്ചിട്ടില്ല. അതിന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ലെങ്കില്‍ പ്രതിപക്ഷം മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായിരുന്നു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ എഐ ക്യാമറയിലും കെ ഫോണിലും നടന്ന അഴിമതി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടും. സര്‍ക്കാരിനെതിരായ ഏറ്റവും വലിയ പ്രതിഷേധ പരിപാടിയായി സെക്രട്ടേറിയറ്റ് വളയല്‍ മാറും. പാര്‍ട്ടി പൊതുയോഗങ്ങളിലെ പ്രസംഗത്തില്‍ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ആ പുകമറ മാറ്റിത്തരാനുള്ള ഉത്തരവാദിത്തമുണ്ട്. ആരോപണങ്ങള്‍ ഉയരുമ്പോള്‍ ഭീരുവിനെ പോലെ ഒളിച്ചോടുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വിഡി സതീശന്‍ കൂട്ടിചേര്‍ത്തു.