കെ സുധാകരന്‍
കെ സുധാകരന്‍

എഐ ക്യാമറ, കെ ഫോണ്‍: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

ജനങ്ങളുടെ രോഷം ആളികത്തുന്ന സമരപരമ്പരകള്‍ കോണ്‍ഗ്രസ് തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും കെ സുധാകരന്‍

എഐ ക്യാമറ, കെ ഫോണ്‍ അഴിമതി ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കി.

കെ സുധാകരന്‍
എഐ ക്യാമറ: ആരോപണം അസംബന്ധമെന്ന് സിപിഎം; 'നയാപൈസയുടെ അഴിമതിയില്ല, കെല്‍ട്രോണിനെ തകര്‍ക്കാന്‍ ശ്രമം'

എഐ ക്യാമറ, കെ ഫോണ്‍ പദ്ധതികള്‍ കോടികള്‍ കട്ടുമുടിക്കാന്‍ ഉണ്ടാക്കിയതെന്നാണ് കോൺഗ്രസിന്റെ പ്രധാന വിമര്‍ശനം. നിയമപരമായ പോരാട്ടങ്ങള്‍ക്കൊപ്പം ജനങ്ങളുടെ രോഷം ആളികത്തുന്ന സമരപരമ്പരകള്‍ കോണ്‍ഗ്രസ് തെരുവിലേക്കും വ്യാപിപ്പിക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

''ജുഡീഷ്യല്‍ അന്വേഷണമെന്ന കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുന്നത് ഭയം ഉള്ളത് കൊണ്ടാണ്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കരാര്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും അതിന് മറുപടി പറയാതെ ഇരുട്ട് കൊണ്ട് ഓട്ടയടക്കാനാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും മന്ത്രിമാരും ശ്രമിക്കുന്നത്. തെളിവുകളെ ദുരാരോപണങ്ങളായി ചിത്രീകരിച്ച് പുകമറ സൃഷ്ടിക്കാമെന്ന മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ല.'' സുധാകരൻ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി

കൊടിയ ദാരിദ്ര്യത്തിലും മുണ്ടുമുറുക്കി പണിയെടുത്ത് നികുതി കെട്ടുന്ന പൊതുജനത്തിന്റെ പണമാണ് ഇവര്‍ കൊള്ളയടിക്കുന്നത്
കെ സുധാകരൻ

പെറ്റിയടിച്ച് ജനത്തെ പിഴിഞ്ഞ് സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ഇറങ്ങിയവരാണ് പിണറായി വിജയനും കൂട്ടരുമെന്ന് കെ സുധാാകരൻ ആരോപിച്ചു. ജനത്തെ വെല്ലുവിളിച്ച് അടിമുടി അഴിമതിയില്‍ മുങ്ങിയ പദ്ധതി അതിവേഗം നടപ്പാക്കരുത്. അതിലെ സത്യാവസ്ഥ പുറത്തുവരുന്നത് വരെ പെറ്റി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ക്യാമറ, കെ.ഫോണ്‍ പദ്ധതികളുടെ മറവില്‍ കോടികള്‍ കമ്മീഷന്‍ ലഭിക്കുന്ന ഇടപാട് നടന്നെന്ന് പൊതുജനത്തിന് മനസിലായിട്ടുണ്ട്. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തുന്ന നെറികേടിനും സാമ്പത്തിക കൊള്ളയ്ക്കും കുടപിടിയ്ക്കാനും ജയ് വിളിക്കാനും പൊതുജനം സിപിഎമ്മിന്റെ അടിമകളല്ല. കൊടിയ ദാരിദ്ര്യത്തിലും മുണ്ടുമുറുക്കി പണിയെടുത്ത് നികുതി കെട്ടുന്ന പൊതുജനത്തിന്റെ പണമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. അതിന് മുഖ്യമന്ത്രി കണക്ക് പറഞ്ഞേ മതിയാകു. ആ ദൗത്യം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. അടിമുടി ക്രമക്കേടിലും അഴിമതിയിലും രൂപകല്‍പ്പന ചെയ്ത പദ്ധതി ഇടപാടിനെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ വിഡ്ഢി വേഷം കെട്ടി സ്വയം പരിഹാസ്യരാവുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന അന്വേഷണവും കുറെ വായ്ത്താരിയും നടത്തി തടിത്തപ്പാമെന്നത് വെറും വ്യാമോഹമാണ്
കെ സുധാകരൻ

എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് രണ്ടു വര്‍ഷം മുന്നെ ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥനായ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അറിയാമായിരുന്നു എന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു. ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടുന്ന അന്വേഷണവും കുറെ വായ്ത്താരിയും നടത്തി തടിത്തപ്പാമെന്നത് വെറും വ്യാമോഹമാണ്.

അഴിമതിയുടെ മണമുള്ള കമ്മീഷന്‍ സര്‍ക്കാരാണ് പിണറായി വിജയന്റേത്. പലപദ്ധതികളും രൂപകല്‍പ്പന ചെയ്തത് അത്തരത്തിലാണ്. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ നേട്ടം കടലാസ് കമ്പനികളുടെ അക്കൗണ്ടിലേക്ക് പോകുന്ന വിചിത്ര വ്യവസ്ഥയാണ് കണ്‍സോര്‍ഷ്യം വെട്ടിപ്പ്. എഐ ക്യാമറ പദ്ധതിയില്‍ കോടികള്‍ കൊള്ളയടിക്കാന്‍ ഉണ്ടാക്കിയ കണ്‍സോര്‍ഷ്യം തട്ടിപ്പാണ് കെ. ഫോണിലുമുള്ളത്.

അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍

കോണ്‍ഗ്രസ് പുറത്ത് വിട്ടത് വെറും ജലരേഖകളല്ല. കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ ശരിവെയ്ക്കുന്നതാണ് ഉപകരാര്‍ ലഭിച്ച ലൈറ്റ് മാസ്റ്റേഴ്‌സ് ലൈറ്റിങ് ,അല്‍ഹിന്ദ് കമ്പനികളുടെ തുറന്ന് പറച്ചിലുകള്‍. അഴിമതിയില്‍ മുങ്ങിയ മഞ്ഞുമലയുടെ അറ്റംമാത്രമാണ് ഇപ്പോള്‍ പുറത്ത് വന്ന രേഖകള്‍. നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ കൂടുതല്‍ സത്യങ്ങള്‍ കണ്ടെത്താന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in