ലിവിങ് ടുഗതർ പങ്കാളിക്കെതിരെ ഐപിസി 498എ പ്രകാരം  കേസെടുക്കാനാവില്ല, യുവതി ആത്മഹത്യചെയ്ത കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

ലിവിങ് ടുഗതർ പങ്കാളിക്കെതിരെ ഐപിസി 498എ പ്രകാരം കേസെടുക്കാനാവില്ല, യുവതി ആത്മഹത്യചെയ്ത കേസിൽ ശിക്ഷ റദ്ദാക്കി ഹൈക്കോടതി

നിയമസാധുതയുള്ള വിവാഹമുണ്ടെങ്കിൽ മാത്രമേ ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് നിയമപരമായ വഴി തേടാൻ കഴിയൂയെന്ന് ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ ഭാര്യാഭർത്താക്കന്മാരായി കണക്കാക്കാനാവില്ലെന്നും അതിനാല്‍ സ്ത്രീക്ക് പങ്കാളിയുടെ വീട്ടിലെ പീഡനത്തിനെതിരെ ഐപിസി 498 എ പ്രകാരം നിയമനടപടി സ്വീകരിക്കാനാവില്ലെന്നും ഹൈക്കോടതി. വിവാഹം കഴിക്കാതെ പങ്കാളിക്കൊപ്പം താമസിച്ച സ്ത്രീ ആത്മഹത്യ ചെയ്ത കേസിൽ പങ്കാളിയെയും കുടുംബത്തെയും ശിക്ഷിച്ച നടപടി റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവ്.

''ഇരുവരും നിയമത്തിന് മുന്നിൽ ഭാര്യാഭർത്താക്കന്മാരായിരുന്നില്ല. അതിനാൽ, ഐപിസി 498 എ വകുപ്പ് പ്രകാരം എതിർകക്ഷി കുറ്റക്കാരാണെന്ന് പറയാനാവില്ല,'' കോടതി വ്യക്തമാക്കി.

ഇരുവരും ഒളിച്ചോടുകയും പിന്നീട് വിവാഹം കഴിക്കാമെന്ന കരാറിൽ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. യുവാവിന്റെ കുടുംബത്തിൽനിന്നുള്ള മോശം പെരുമാറ്റത്തെത്തുടർന്ന്, യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഐപിസി 498 എ, 306 വകുപ്പുകൾ പ്രകാരം യുവാവിനും കൂടുംബത്തിനുമെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

കേസില്‍ വിചാരണക്കോടതി യുവാവിനെയും കുടംബാംഗങ്ങളെയും ശിക്ഷിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരേ നല്‍കിയ റിവ്യൂ ഹര്‍ജിയിലാണ്‌ ഇപ്പോള്‍ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

ഹർജിക്കാരനും മരിച്ചയാളും തമ്മില്‍ മതപരമായോ ആചാരപരമായോ വിവാഹം ചെയ്തിട്ടില്ല. നിയമപരമായ പവിത്രതയില്ലാത്ത വിവാഹ ഉടമ്പടിയുടെ അടിസ്ഥാനത്തിൽ സാധുവായ വിവാഹ രേഖയില്ലാതെയാണ് ഇരുവരും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.

നിയമസാധുതയുള്ള വിവാഹമുണ്ടെങ്കിൽ മാത്രമേ ഐപിസി 498 എ വകുപ്പ് പ്രകാരം ഒരു സ്ത്രീക്ക് നിയമപരമായ വഴി തേടാൻ കഴിയൂ. അതിനാൽ 306 വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണക്കും 498 എ പ്രകാരം ഭർതൃവീട്ടിലെ പീഡനത്തിനുമെതിരെ എടുത്ത കേസ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് സോഫി തോമസ് വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in