എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

'സോളാർ കോൺഗ്രസിനെ തിരിഞ്ഞു കൊത്തുന്നു, അന്വേഷണം വേണ്ട എന്ന യുഡിഎഫ് സമീപനം അവസരവാദപരം': എം വി ഗോവിന്ദൻ

സോളാർ കേസ് സമയത്ത് എല്ലാം അന്വേഷണം നിയന്ത്രിച്ചത് യുഡിഎഫ് നേതാക്കളായിരുന്നുവെന്നും എം വി ഗോവിന്ദൻ

സോളാർ കേസിലെ അന്വേഷണം കോൺഗ്രസ് ഭയപ്പെടുന്നവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന് അകത്ത് തന്നെയുള്ള പ്രശ്നങ്ങൾ പുറത്ത് വരുമെന്നതിനാലാണ് സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണ്ടെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ സിപിഎം കക്ഷിയല്ല. സോളാർ കേസ് സമയത്ത് എല്ലാം അന്വേഷണം നിയന്ത്രിച്ചത് യുഡിഎഫ് നേതാക്കളായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സോളാറിൽ പുതിയ വിവരങ്ങൾ പുറത്തുവരുന്നു. അന്വേഷണം വേണ്ട എന്ന യുഡിഎഫിന്റെ സമീപനം അവസരവാദപരമാണ്. അന്വേഷണം വന്നാൽ യുഡിഎഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരും എന്ന് അവർക്കറിയാം. പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് യുഡിഎഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്ന് പറഞ്ഞവർ ഇപ്പോൾ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ തന്നെ വാർത്താസമ്മേളനങ്ങൾ നടത്തി വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകൾ നടത്തുന്നു. ഉമ്മൻചാണ്ടിയുമായി ബന്ധപ്പെട്ട സോളാർ വിവാദത്തിൽ അന്വേഷണ കമീഷനെ നിശ്ചയിക്കുന്നത് ഉൾപ്പടെ എല്ലാ കാര്യവും ചെയ്തത് യുഡിഎഫ് സർക്കാരാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.

അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ദല്ലാൾ നന്ദകുമാർ ഉന്നയിക്കുന്നത്. ദല്ലാളിൻ്റെ വിശ്വാസ്യത ജനങ്ങളാണ് മനസിലാക്കേണ്ടത്. സോളാറിൽ സിപിഎം കക്ഷിയല്ല. കത്ത് പുറത്ത് വരേണ്ടത് ആരുടെ ആവശ്യമാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമായി. സോളാർ കേസിൽ സിപിഎം ഉന്നയിച്ച ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം അംഗീകരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in