'നട്ടാല്‍ പൊടിക്കാത്ത നുണ';
സ്വപ്നയുടെ വെളിപ്പെടുത്തൽ അസംബന്ധമെന്ന് സിപിഎം

'നട്ടാല്‍ പൊടിക്കാത്ത നുണ'; സ്വപ്നയുടെ വെളിപ്പെടുത്തൽ അസംബന്ധമെന്ന് സിപിഎം

കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാകുമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന

സ്വർണക്കള്ളക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ തികച്ചും അസംബന്ധമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്ര ഏജൻസികളെടുത്ത കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും. എന്നിട്ടും കേസ് പിൻവലിക്കാൻ സർക്കാർ വാഗ്ദാനം നൽകിയെന്നത് നട്ടാൽ പൊടിക്കാത്ത നുണയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് തെറ്റാണെന്ന് ബോധ്യമുണ്ടായിട്ടും പാർട്ടിക്കും സർക്കാരിനുമെതിരെ കള്ള പ്രചാരണങ്ങൾ അഴിച്ചുവിടാനാണ് പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നത്. ഇനിയും പുതിയ കഥകൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

സത്യത്തിനും ന്യായത്തിനുമൊപ്പം പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ പല വിധത്തിലാണ് സംഘപരിവാർ ശ്രമിക്കുന്നത്. സർക്കാരിന് വേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നതും ഗവർണറെ ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതും ഇതിന് ഉദാഹരണമാണ്. കൂടാതെ കേന്ദ്ര ഏജൻസികളുമായി ചേർന്ന് സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പദ്ധതികളെ തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ട്. ഈ അവസരത്തിലാണ് കേസ് പിൻവലിക്കാൻ ഇടനിലക്കാരെക്കൊണ്ട് വാഗ്ദാനം ചെയ്യിച്ചു എന്ന വാദം പ്രചരിക്കുന്നത്. ഇത് സർക്കാരിനെ തകർക്കാനുള്ള മാറ്റൊരു നീക്കമാണെന്ന് ഓർക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടന്നപ്പോൾ സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പുറത്തുവന്ന പ്രചാരങ്ങളെയെല്ലാം ജനം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇതേ ജനതയുടെ മുൻപിൽ ഇത്തരം നുണകൾ വിലപ്പോകില്ല എന്ന് അപവാദപ്രചാരണക്കാർ മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

'നട്ടാല്‍ പൊടിക്കാത്ത നുണ';
സ്വപ്നയുടെ വെളിപ്പെടുത്തൽ അസംബന്ധമെന്ന് സിപിഎം
'സ്വർണക്കടത്ത് കേസ് ഒത്തുതീർക്കാൻ ഇടനിലക്കാരൻ വഴി 30 കോടി വാഗ്ദാനം ചെയ്തു, ജീവന് ഭീഷണി'; ആരോപണങ്ങളുമായി സ്വപ്നാ സുരേഷ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്‍പ്പടെയുള്ളവര്‍ക്കെതിരെ ഇന്നലെ ഫേസ് ബുക്ക് ലൈവിലൂടെയാണ് സ്വപ്ന പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. വിജയ് പിള്ള എന്ന ഇടനിലക്കാരൻ വഴി സ്വർണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാൻ ശ്രമം നടന്നെന്നും തനിക്ക് ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു. 30 കോടി രൂപ എം വി ഗോവിന്ദന്റെ അറിവോടെ വാഗ്ദാനം ചെയ്തെന്നും കേസില്‍ മുഖ്യമന്ത്രിക്കും ഭാര്യ കമലാ വിജയനും മകള്‍ വീണയ്ക്കുമെതിരായ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന മുഴുവന്‍ തെളിവുകളും കൈമാറാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു ആരോപണം. ഇല്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പേര് പറഞ്ഞായിരുന്നു വിജയ് പിള്ള ഭീഷണിപ്പെടുത്തിയതെന്നുമായിരുന്ന സ്വപ്നയുടെ ആരോപണം.

'നട്ടാല്‍ പൊടിക്കാത്ത നുണ';
സ്വപ്നയുടെ വെളിപ്പെടുത്തൽ അസംബന്ധമെന്ന് സിപിഎം
സ്വപ്ന പറയുന്നത് പച്ചക്കള്ളമെന്ന് വിജേഷ് പിള്ള; നടന്നത് വെബ് സീരീസ് ചർച്ച; കണ്ണൂരിൽ പിള്ളമാരില്ലെന്ന് എം വി ഗോവിന്ദൻ

എന്നാൽ സ്വപ്നയുടെ ആരോപണങ്ങൾ വിജേഷ് പിള്ള നിഷേധിച്ചിരുന്നു. ആരോപണങ്ങൾ കള്ളമാണെന്നും നടന്നത് വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞു. വിജേഷിനെ തനിക്ക് അറിയില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചത്.

logo
The Fourth
www.thefourthnews.in