സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കു പിന്നാലെ

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കു പിന്നാലെ

ഒരു കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഏപ്രിൽ രണ്ടിന് ആദായനികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദ്യനികുതി വകുപ്പ്. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിനെതിരെയാണ് നടപടി. അക്കൗണ്ട് സംബന്ധിച്ച് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്കിൽ പരിശോധന നടത്തിയിരുന്നു.

നടപടി നേരിട്ട അക്കൗണ്ട് 1998ലാണ് സിപിഎം ആരംഭിച്ചത്. ഒരു കോടിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഉൾപ്പെടെ അഞ്ചുകോടി പത്തുലക്ഷം രൂപയായിരുന്നു അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല.

അക്കൗണ്ടിൽനിന്ന് ഒരുകോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ എം എം വർഗീസിനെ ഏപ്രിൽ രണ്ടിന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. പിൻവലിച്ച തുക ചെലവഴിക്കരുതെന്ന് ഐടി ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തിയാണ് എം എം വർഗീസിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ രാത്രി ഒൻപതര വരെ നീണ്ടിരുന്നു. നേരത്തെ ഇ ഡിയും ചോദ്യം ചെയ്തിരുന്നു. പിൻവലിച്ചതും അക്കൗണ്ടിലുള്ളതുമായ പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ വർഗീസിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതായാണ് വിവരം.

ബാങ്ക് ഓഫ് ഇന്ത്യയിൽ ആദ്യനികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധന രാത്രിയോടെയാണ് അവസാനിച്ചത്. സിപിഎം ഏരിയ കമ്മിറ്റികളുടെ കീഴിൽ കണക്കിൽ പെടാത്ത ഇരുപത്തിയഞ്ചോളം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നും അതിൽ പണമിടപാട് നടക്കുന്നുണ്ടെന്നും ഇ ഡി നേരത്തെ ആരോപിച്ചിരുന്നു.

സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കു പിന്നാലെ
സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിനെ ചോദ്യം ചെയ്ത് ഇ ഡിയും ആദായ നികുതി വകുപ്പും; അടുത്തനീക്കമെന്ത്?

അതേസമയം, ബാങ്ക് ഓഫ് ഇന്ത്യയിൽ പാർട്ടിക്ക് അക്കൗണ്ടുണ്ടെന്നും നിയമം പാലിച്ചാണ് എല്ലാ ഇടപാടുകളുമെന്നുമാണ് എം എം വർഗീസ് പ്രതികരിച്ചത്. ഒളിപ്പിക്കാൻ ഒന്നുമില്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ഇ ഡിയും ആദ്യനികുതി വകുപ്പും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം പിയുമായ പി കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഷാജൻ എന്നിവർക്കെതിരെയും ഇ ഡി നോട്ടീസ് അയച്ചിരുന്നു. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. അതിന്റെ വിവരങ്ങൾ കേന്ദ്ര ധനമന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്കു കൈമാറിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in