ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് എം വി ഗോവിന്ദൻ; പ്രതിപക്ഷ സമരം നടത്തുന്നത് ചാവേറുകളെന്ന് പരിഹാസം

ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് എം വി ഗോവിന്ദൻ; പ്രതിപക്ഷ സമരം നടത്തുന്നത് ചാവേറുകളെന്ന് പരിഹാസം

സിപിഎം ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കാസർഗോഡ് തുടക്കം

പ്രതിപക്ഷ സമരത്തിന്റെ പേരില്‍ ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് അധിക സുരക്ഷയില്ലെന്നും ഇപ്പോള്‍ നടക്കുന്നത് ജനകീയ സമരമല്ലെന്നും ചാവേറുകളെ പാലെ വാഹനത്തിന് മുന്നില്‍ ചാടുകയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഏത് അന്വേഷണം നടന്നാലും അത് മുഖ്യമന്ത്രിയിലേക്കെത്തില്ല. പാര്‍ട്ടിയാണ് സര്‍ക്കാരിന്‌റെ നയം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എന്തും തീരുമാനിക്കാനുള്ള അധികാരമില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നാളെ ആരംഭിക്കാനിരിക്കുന്ന സിപിഎം ജനകീയ പ്രതിരോധ ജാഥയില്‍ ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കേന്ദ്ര സര്‍ക്കാരിന്‌റെ സാമ്പത്തിക നിലപാടെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ഒന്നുകില്‍ ഈ സര്‍ക്കാര്‍ നിലനില്‍ക്കണോ അല്ലെങ്കില്‍ ഇതിന്‌റെ അന്ത്യം വേണോ എന്നാണ് ചോദ്യം. നിലനില്‍ക്കാൻ പറ്റില്ല എന്നാണ് കേന്ദ്രം പറയുന്നത്. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് എല്‍ഡിഎഫ് നടത്തുന്നതെന്നും ഇന്ധന സെസ് വര്‍ധനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ഇന്ധന വില 106 ലെത്തിച്ചത് , അപ്പോഴില്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടാകുന്നത് തികച്ചും രാഷ്ട്രീയമാണ്.

എം വി ഗോവിന്ദന്‍

ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിക്കുകയാണ് എം വി ഗോവിന്ദന്‍. ഇപ്പോള്‍ നടക്കുന്നത് ജനകീയ സമരമല്ല. അഞ്ചാളെ വച്ച് ചാവേര്‍ പടപോലെ കൊടിയുമായി വാഹനത്തിന് മുന്നിലേക്ക് ചാടുകയാണ്. ഇവരെ സംരക്ഷിക്കാനാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രിക്ക് അതീവ സുരക്ഷയിലിലെന്നും സുരക്ഷ മാത്രമാണ് നല്‍കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പ്രതിപക്ഷ സമരത്തിന്‌റെ പേരില്‍ ഇന്ധന സെസ് ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്നാണ് ഇന്ധന വില 106 ലെത്തിച്ചത് , അപ്പോഴില്ലാത്ത പ്രശ്‌നം ഇപ്പോള്‍ ഉണ്ടാകുന്നത് തികച്ചും രാഷ്ട്രീയമാണ്.

തുടര്‍ ഭരണത്തിന് പോസിറ്റീവും നെഗറ്റീവുമായ ഫലമുണ്ടെന്ന് ആവര്‍ത്തിച്ച എം വി ഗോവിന്ദന്‍ മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയാണ് സര്‍ക്കാരിന്‌റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. എല്‍ഡിഎഫ് ആണ് യഥാര്‍ഥത്തില്‍ സര്‍ക്കാരിന്‌റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ദൈനംദിന കാര്യങ്ങളാണ് മുഖ്യമന്ത്രിയും മന്ത്രിസഭയും തീരുമാനിക്കുന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണതയുള്ളവര്‍ക്ക് സ്ഥാനമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും എം വി ഗോവിന്ദൻ

മുഖ്യമന്ത്രിയെ ഒരു അന്വേഷണ ഏജന്‍സിക്കും ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു സ്വര്‍ണക്കടത്ത് കേസില്‍ എം വി ഗോവിന്ദന്റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എല്ലാ ഏജന്‍സികളും വന്ന് ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. സ്വപ്‌നയുടെ വാക്ക് കേട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്. കൈക്കൂലി വാങ്ങിയെങ്കില്‍ ശിവശങ്കര്‍ ജയിലില്‍ കിടക്കട്ടെ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ക്രിമിനല്‍ സംവിധാനത്തിന്‌റെ ഭാഗമായി പോയവരെ സംരക്ഷിക്കില്ലെന്നും ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീം ലീഗിനെ നിലവില്‍ എല്‍ഡിഎഫിന്റെ ഭാഗമാക്കാനാകില്ലെന്നും ലീഗിന്‌റെ രാഷ്ട്രീയം സിപിഎമ്മിന്‌റേതിന് വിരുദ്ധമെന്നുമാണ് അദ്ദേഹത്തിനറെ നിലപാട്. എന്നാല്‍ ബിജെപിക്കെതിരായ വിശാല ഇടത്- ജനാധിപത്യ ബദലിനെപ്പം ലീഗിന് അണിചേരാം എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനാണ് സിപിഎമ്മിന്‌റെ ജനകീയ പ്രതിരോധ ജാഥ. തിങ്കളാഴ്ച കാസര്‍ഗോഡ് കുമ്പളയില്‍ നിന്ന് ആരംഭിച്ച്, മാര്‍ച്ച് 18 ജാഥ തിരുവനന്തപുരത്ത് സമാപിക്കുന്ന ജാഥ മുഴുവന്‍ നിയമസഭാ നിയോജക മണ്ഡലങ്ങളിലൂടെയും കടന്നുപോകും. എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍, കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, സംസ്ഥന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവരാണ് അംഗങ്ങള്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍.

logo
The Fourth
www.thefourthnews.in