സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജനും ഇ പി ജയരാജനും തമ്മിൽ വാക്പോര്; അന്വേഷണ വാർത്ത നിഷേധിച്ച് ഇ പി

സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജനും ഇ പി ജയരാജനും തമ്മിൽ വാക്പോര്; അന്വേഷണ വാർത്ത നിഷേധിച്ച് ഇ പി

ഇരുവർക്കുമെതിരെ പാർട്ടി അന്വേഷണം നടത്തുമെന്ന വാർത്തായാണ് ഇ പി ജയരാജൻ നിഷേധിച്ചത്

സിപി എം സംസ്ഥാന സമിതിയോഗത്തിൽ ഇ പി ജയരാജനും പി ജയരാജനും തമ്മിൽ വീണ്ടും വാക് പോര്. കണ്ണൂർ മോറാഴയിലെ റിസോർട്ടുമായി ബന്ധപ്പെട്ട ആരോപണം ഇന്ന് ചേർന്ന യോഗത്തിലും പി ജയരാജൻ ഉന്നയിച്ചതോടെയാണ് തർക്കം ഉണ്ടായത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നതെന്നും യോഗത്തിൽ ഇ പി ജയരാജൻ പറഞ്ഞു. വ്യക്തിഹത്യ തുടരാനാണ് തീരുമാനമെങ്കിൽ പൊതുപ്രവർത്തനം തന്നെ അവസാനിപ്പിക്കുമെന്നും ഇ പി സംസ്ഥാന സമിതി യോഗത്തിൽ വ്യക്തമാക്കി. ഇ പി ജയരാജനെതിരെ ഒരു തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു നിലപാട്. മറ്റൊരാള്‍ എഴുതി തന്ന കാര്യം പാര്‍ട്ടിയെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പി ജയരാജന്‍ വിശദീകരിച്ചു. ഇരുവർക്കുമെതിരെ പാർട്ടി അന്വേഷണം നടത്തുമെന്ന മാധ്യമ വാർത്ത നിഷേധിച്ച് ഇ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു. ഇടതുപക്ഷ വിരോധവും സിപിഎം വിരോധവും മൂലമാണ് വാർത്തകൾ വന്നതെന്നാണ് ഇ പി ജയരാജന്റെ പ്രതികരണം.

തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ഇ പി

ഇ പി ജയരാജന്‍ അനധികൃതമായി സമ്പാദിച്ച സ്വത്ത് ഉപയോഗിച്ചാണ് കണ്ണൂര്‍ മോറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഭാര്യയും മകനും നിക്ഷേപം നടത്തിയതെന്നായിരുന്നു ആരോപണം. ഈ ആരോപണത്തിലും തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്റെ പ്രത്യാരോപണത്തിലും പാർട്ടി അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തയാണ് ഇ പി ജയരാജൻ നിഷേധിച്ചത്. വ്യക്തിഹത്യ നടത്തുന്ന തരത്തിൽ വാർത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കതെിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദങ്ങളെക്കുറിച്ച് സംസ്ഥാന സമിതി യോഗത്തില്‍ ഇ പി ജയരാജന്‍ ഇന്നും വിശദീകരണം നല്‍കി. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ഇ പി പറഞ്ഞു. വ്യക്തിഹത്യ നടത്തി രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമമെന്നും ആരോപിച്ചു. റിസോര്‍ട്ടിന്റെ നിര്‍മാണ സമയത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് കാര്യങ്ങളെല്ലാം അറിയാമായിരുന്നുവെന്നും പിന്നീട് ആരോപണം ഉന്നയിച്ചതില്‍ സംശയമുണ്ടെന്നും ഇ പി സംസ്ഥാന സമിതിയില്‍ വ്യക്തമാക്കി.

മറ്റൊരാള്‍ എഴുതി തന്ന കാര്യം പാര്‍ട്ടിയെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പി ജയരാജന്‍

മറുപടിയുമായി പി ജയരാജന്‍ രംഗത്തുവന്നു. ഇ പി ജയരാജനെതിരെ ഒരു തരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചിട്ടില്ലെന്നായിരുന്നു നിലപാട്. മറ്റൊരാള്‍ എഴുതി തന്ന കാര്യം പാര്‍ട്ടിയെ അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പി ജയരാജന്‍ വിശദീകരിച്ചു. ഇതിനിടെ നേത്യത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. വിഷയം ഇത്രയും വഷളാക്കിയതില്‍ സംസ്ഥാന നേത്യത്വത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നായിരുന്നു മറ്റ് ചില സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വിമര്‍ശനം.

logo
The Fourth
www.thefourthnews.in