ഷാജഹാന്‍
ഷാജഹാന്‍

പാലക്കാട് ഷാജഹാന്‍ വധം ആസൂത്രിതം; ആര്‍എസ്എസിന്റെ വധഭീഷണി ഉണ്ടായിരുന്നെന്ന് സിപിഎം, ഇന്ന് ഹർത്താൽ

സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പാലക്കാട് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍. മരുതറോഡ് ഗ്രാമപഞ്ചായത്തിലാണ് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊലയ്ക്കു പിന്നിൽ ആർഎസ്എസാണെന്ന് സിപിഎം ആരോപിച്ചു. ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നതായും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. കൊലപാതകത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതിഷേധം രേഖപ്പെടുത്തി. ഞായറാഴ്ച രാത്രി 9.15ഓടെയാണ് മരുതറോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാന് വെട്ടേറ്റത്.

ഷാജഹാന്‍
പാലക്കാട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കൊലപാതകം ആസൂത്രിതമാണെന്നും കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. വീട്ടിലേക്കു പോകുന്ന വഴിയിൽ വെച്ച് ഇരുട്ടിന്റെ മറവിൽ വെച്ച് മൃഗീയമായി വെട്ടികൊലപ്പെടുത്തുകയായിരുന്നു. സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

സ്വാതന്ത്ര്യ ദിനപരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ഷാജഹാന് വെട്ടേറ്റത്. കടയിൽ നിന്ന് സാധനം വാങ്ങുന്നതിനിടെ അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തി. അതിനുശേഷം ഇവർ ഓടി രക്ഷപെട്ടു. ഷാജഹാനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപെടുത്താനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2008ല്‍, ബിജെപി പ്രവർത്തകൻ ആറുച്ചാമി കൊലക്കേസിൽ ഷാജഹാനെ വിചാരണ കോടതി ശിക്ഷിച്ചിരുന്നു.

കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

logo
The Fourth
www.thefourthnews.in