ദേശാഭിമാനി ലേഖനം
ദേശാഭിമാനി ലേഖനം

ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത്; കേരളത്തില്‍ സമാന്തരഭരണം അടിച്ചേല്‍പ്പിക്കാനാവില്ല: കോടിയേരി

മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല, ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ പദവിയും ഇടപെടലുകളും ദേശവ്യാപകമായി അപായകരമായ അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. കേന്ദ്രത്തിലെ മോദി ഭരണത്തിന്റെയും ആര്‍എസ്എസ്-ബിജെപിയുടെയും രാഷ്ട്രീയ ഇച്ഛ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനുള്ള ഉപകരണമായി ഗവര്‍ണര്‍മാരെ മാറ്റിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയല്ല, കേന്ദ്രം നിയമിച്ച ഗവര്‍ണറാണ് വിഷയം. ഈ രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ഖാന്റെ കടിഞ്ഞാണില്ലാത്ത നടപടികളെ കാണേണ്ടത്. കുറച്ചുകാലമായി ഇടയ്ക്കുംമുറയ്ക്കും ഗവര്‍ണര്‍ സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഏറ്റവുമൊടുവില്‍ മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ സ്ഥലംവിട്ടു. കേന്ദ്രത്തിലെ ആര്‍എസ്എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്തുന്നതിനും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കുംവേണ്ടിയാണ് ഇത്. ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ, സമാന്തരഭരണം അടിച്ചേല്‍പ്പിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. ജനാധിപത്യകേരളം അത്രമാത്രം കരുത്തുറ്റതാണെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ, ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കോടിയേരിയുടെ ലേഖനം.

ഗവര്‍ണറുടെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്ത സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം സര്‍ക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് 'സ്ഫോടനാവസ്ഥ' ഒഴിവാക്കുകയായിരുന്നു.

ഗവര്‍ണര്‍ വളയമില്ലാതെ ചാടരുതെന്ന പേരിലാണ് കോടിയേരിയുടെ ലേഖനം. പശ്ചിമബംഗാള്‍, തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാരും സര്‍ക്കാരുകളുമായി തുറന്നപോരും ഏറ്റുമുട്ടലും ഉണ്ടായിട്ടുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടുന്നു. ചില സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നിയമസഭകളോ മന്ത്രിസഭകളോ നീക്കുകയും നിയമഭേദഗതി പാസാക്കുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച് ചില മുഖ്യമന്ത്രിമാര്‍ പ്രത്യക്ഷസമരം നടത്തിയിട്ടുമുണ്ട്. എന്നാല്‍, ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുകയെന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഗവര്‍ണറുടെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്ത സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെല്ലാം സര്‍ക്കാരും മുഖ്യമന്ത്രിയും തികഞ്ഞ ക്ഷമാശീലവും സംയമനവും പാലിച്ച് 'സ്ഫോടനാവസ്ഥ' ഒഴിവാക്കുകയായിരുന്നു.

ദേശാഭിമാനി ലേഖനം
ഗവര്‍ണര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സിപിഎം; ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ ചട്ടുകമെന്ന് കോടിയേരി

ഗവര്‍ണര്‍ പദവി ഒരു അജഗളസ്തനമാണെന്നും അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ മുമ്പേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട് ഏറ്റുമുട്ടുകയെന്നത് നയമായി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവര്‍ണര്‍.

ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് കമ്യൂണിസ്റ്റുവിരുദ്ധ ജ്വരം പടര്‍ത്തുകയാണ് ഗവര്‍ണറും ചെയ്യുന്നത്. ഇവിടെ ഗവര്‍ണറും മുഖ്യമന്ത്രിയോ അല്ലെങ്കില്‍ ഏതെങ്കിലും മന്ത്രിമാരോ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളല്ല ഉള്ളത്. മോദി സര്‍ക്കാരിന്റെ ചട്ടുകമായ ഗവര്‍ണറും മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് കാതലായ വസ്തുത. ഗവര്‍ണര്‍ക്ക് ചൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് പ്രതിപക്ഷമെങ്കിലും ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. ഗവര്‍ണറുടെ വളയമില്ലാ ചാട്ടത്തിന്റെ രാഷ്ട്രീയവും നിലവാരവും എന്തെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍ക്കെതിരായ ആക്രോശവും ചുവടുവയ്പും.

കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന മുന്‍നിര ചരിത്രകാരനാണ്. ഡല്‍ഹി ജാമിയ മിലിയ കേന്ദ്ര സര്‍വകലാശാലയില്‍ ചരിത്രവിഭാഗം തലവനായിരുന്ന അദ്ദേഹം കേരളത്തിന്റെ കാര്‍ഷിക ചരിത്രത്തിലും ജനസംഖ്യാശാസ്ത്രപഠനത്തിലും ചരിത്രത്തിലും അവഗാഹത അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാദമിക് ലോകത്തെ യശസ്സാര്‍ന്ന ഈ വ്യക്തിത്വത്തെയാണ് ക്രിമിനലെന്ന് ഗവര്‍ണര്‍ അധിക്ഷേപിച്ചത്. അതിന്‍മേല്‍ ദേശവ്യാപക പ്രതിഷേധം ഉയര്‍ന്നെങ്കിലും അതുപോലും മാനിക്കാതെ ലോകം ബഹുമാനിക്കുന്ന ചരിത്രകാരനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ തെരുവുഗുണ്ടയെന്ന് വിളിക്കുന്നതിലേക്ക് ഗവര്‍ണറുടെ അവിവേകം എത്തിയിരിക്കുകയാണ്.

മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ, മതനിരപേക്ഷത തകര്‍ക്കുന്ന നയത്തെ അനുകൂലിക്കാത്ത അക്കാദമിക് പണ്ഡിതന്മാരെ വച്ചുപൊറുപ്പിക്കില്ല എന്ന നയമാണ് ഗവര്‍ണറും തുടരുന്നത്

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസഞ്ചയത്തിന് പൗരത്വം നിഷേധിക്കുന്ന കരിനിയമമാണ് കേന്ദ്രം കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിയും ജനസംഖ്യാ രജിസ്റ്ററും. ഇതിനെ വാഴ്ത്തി ചരിത്ര കോണ്‍ഗ്രസില്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രസംഗിച്ചപ്പോള്‍ തത്സമയം ചോദ്യങ്ങളുമായി വേദിയില്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബ് മുന്നോട്ടുവന്നതിനെ, തന്നെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചനയെന്നാണ് കാലങ്ങള്‍ക്കുശേഷം ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിക്കുന്നത്. ആക്ഷേപമുന്നയിക്കുന്ന ഈ വ്യക്തിയെ സര്‍വകലാശാലയില്‍ പഠിപ്പിച്ച അധ്യാപകനായിരുന്നു ഇര്‍ഫാന്‍ ഹബീബ് എന്നതുപോലും അദ്ദേഹം വിസ്മരിക്കുന്നു. ഇതിലൂടെയെല്ലാം വ്യക്തമാകുന്നത് മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷവിരുദ്ധ, മതനിരപേക്ഷത തകര്‍ക്കുന്ന നയത്തെ അനുകൂലിക്കാത്ത അക്കാദമിക് പണ്ഡിതന്മാരെ വച്ചുപൊറുപ്പിക്കില്ല എന്നതാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ മാത്രമല്ല, കേരളത്തിലും അത് നടപ്പാക്കും. അതിനുള്ള മോദി ഭരണത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ഭാവമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിക്കുന്നത്.

അപ്പോള്‍ ഗവര്‍ണറും എല്‍ഡിഎഫ് സര്‍ക്കാരും രണ്ടു പക്ഷത്തായി ഇന്ന് നിലയുറപ്പിച്ചിരിക്കുന്നുവെന്ന് ഒറ്റനോട്ടത്തില്‍ കാണുന്നു. അതിന് അടിസ്ഥാനം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയനയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമെന്ന ചേരിതിരിവാണ്. ഇതില്‍ ഏതുകക്ഷി ഏതു ഭാഗത്ത് നില്‍ക്കുന്നുവെന്നത് പ്രധാനമാണ്. പൗരത്വ പ്രക്ഷോഭ (സിഎഎ) നിലപാട്, നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള എതിര്‍പ്പ്, കര്‍ഷകപ്രമേയം നിയമസഭയില്‍ വരുന്നതിനെ തടയാന്‍ നടത്തിയ നീക്കം, ചാന്‍സലര്‍ പദവി ഉപേക്ഷിക്കുമെന്ന പ്രസ്താവന, കണ്ണൂര്‍ വിസി പുനര്‍നിയമനത്തിലെ അനാവശ്യ വിവാദം, രാഷ്ട്രപതിക്ക് കേരള സര്‍വകലാശാല ഡി -ലിറ്റ് നല്‍കണമെന്ന സ്വകാര്യ ശുപാര്‍ശ നിരാകരിച്ചു എന്നാരോപിച്ചുള്ള പ്രതിഷേധം-ഇങ്ങനെ ഗവര്‍ണര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നിരവധിയാണ്. ഇതിലെല്ലാം നിറഞ്ഞിരിക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണ്.

ഗവര്‍ണര്‍ പദവിയെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണ്. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ വളരെ വിപുലമാണ്. അവയെ മുഖവിലയ്ക്കെടുത്താല്‍ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവര്‍ണര്‍ സാധാരണഗതിയില്‍ സംസ്ഥാനത്തിന്റെ 'വ്യവസ്ഥാപിത' തലവന്‍ മാത്രമാണെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിര്‍വഹണത്തില്‍ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് എന്നപേരില്‍ അറിയപ്പെടുന്നുവെങ്കിലും യഥാര്‍ഥ അധികാരങ്ങള്‍ മന്ത്രിസഭയുടെ കൈയിലാണെന്ന് അര്‍ഥം. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണ്.

ദേശാഭിമാനി ലേഖനം
ഗവർണറുടേത് കൈവിട്ട കളി; സർക്കാരിനെ അട്ടിമറിക്കാൻ നീക്കമെന്ന് കോടിയേരി; മന്ത്രിമാർക്കെതിരായ വിമര്‍ശനം തള്ളാതെ പിണറായി

ഗവര്‍ണര്‍ റബര്‍ സ്റ്റാമ്പോ, രാഷ്ട്രപതിക്കും സംസ്ഥാന മന്ത്രിസഭയ്ക്കും മധ്യേയുള്ള തപാല്‍ ഓഫീസോ ആയി പരിമിതപ്പെടണമെന്ന് എല്‍ഡിഎഫ് ശഠിക്കുന്നില്ല. ഭരണഘടനാ വ്യവസ്ഥകള്‍ പരിശോധിക്കാനും അവ ആസ്വദിക്കാനും ഗവര്‍ണര്‍ക്ക് കഴിയും. എന്നാല്‍, ഭരണഘടനയ്ക്ക് വിധേയമാകാതെ പ്രവര്‍ത്തിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യുന്നത് വഴിതെറ്റലാണ്. അത്തരം വളയമില്ലാത്ത ചാട്ടം ഗവര്‍ണര്‍ അവസാനിപ്പിക്കണം. ജനായത്ത ഭരണഘടനയ്ക്കുള്ളില്‍നിന്ന് ഗവര്‍ണര്‍ ചുമതല വഹിക്കണമെന്നാണ് നിയമവ്യവസ്ഥ അനുശാസിക്കുന്നത്. അതിനര്‍ഥം ഗവര്‍ണര്‍ ഏകാധിപതിയായി പെരുമാറരുത് എന്നാണ്. സ്വന്തം തീരുമാനാവകാശം ഉപയോഗിക്കുന്നതില്‍ സ്വതന്ത്രനായ ഒരു ഏജന്റാകരുത് ഗവര്‍ണര്‍. സ്വന്തം കാര്യനിര്‍വഹണത്തില്‍ മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയും പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. സംസ്ഥാന നിയമസഭയുടെ വിശ്വാസം മന്ത്രിസഭയ്ക്ക് ഉള്ളിടത്തോളം കാലം ഗവര്‍ണര്‍ ഈ സഹായം വേണ്ടെന്നുവയ്ക്കാന്‍ പാടില്ലെന്ന് ഭരണഘടനാ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.

logo
The Fourth
www.thefourthnews.in