ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി;
മാപ്പുമില്ല, തിരുത്തുമില്ല: എം വി ഗോവിന്ദന്‍

ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി; മാപ്പുമില്ല, തിരുത്തുമില്ല: എം വി ഗോവിന്ദന്‍

പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍

സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തിൽ മാപ്പു പറയാനോ തിരുത്തലിനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രസംഗം വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. വിശ്വാസിയേയും അവിശ്വാസിയേയും സമൂഹത്തിന്റെ ഭാഗമായി കാണുന്ന കാഴ്ചപ്പാടാണ് സിപിഎമ്മിനെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഏതെങ്കിലും മതത്തിനോ മത വിശ്വാസികള്‍ക്കോ എതിരായ പാര്‍ട്ടിയല്ല സിപിഎം. എല്ലാ കാലത്തും സിപിഎം മത വിശ്വാസികള്‍ക്ക് എതിരായ പാര്‍ട്ടിയാണെന്ന പ്രചാരണം ഉണ്ടായിട്ടുണ്ടെന്നും സിപിഎം കേവല ഭൗതിക വാദികളല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ശാസ്ത്രത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകാനാകില്ല. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിനുമേല്‍ കുതിര കയറരുതെന്നും എം വി ഗോവിന്ദന്‍. ശാസ്ത്രീയമായി എന്തെങ്കിലും പറഞ്ഞു പോയാല്‍ അതിനുമേലെ രാഷ്ട്രീയമായി പ്രതികരിക്കുന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.

ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഗണപതി ക്ഷേത്രത്തിലെ വഴിപാടിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയോ എന്ന് പരിശോധിക്കണം. സയന്‍സ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നത് ശരിയല്ല. മിത്തിനെ മിത്തായി കാണാന്‍ കഴിയണം. തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞുകൊണ്ട് കേരളത്തിലെ ജനങ്ങളെ പാട്ടിലാക്കാമെന്നൊന്നും ഇന്ന് നടക്കില്ല.

വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാം. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ഉള്ളത് ഞങ്ങളുടെ കൂടെയാണ്. ഷംസീര്‍ എന്ന പേരാണ് പ്രശ്‌നം എന്നല്ലേ മനസിലാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു.

logo
The Fourth
www.thefourthnews.in