എം വി ഗോവിന്ദന്‍
എം വി ഗോവിന്ദന്‍

കെ റെയിലിന് എം വി ഗോവിന്ദൻ്റെ ന്യായീകരണം: 'തിരുവനന്തപുരത്തെ കുടുംബശ്രീ ഉല്‍പന്നം എറണാകുളത്ത് വിറ്റ് അന്ന് തന്നെ മടങ്ങാം'

ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് നോമിനി; ഭരണഘടനാപരമായി നേരിടും

സില്‍വര്‍ലൈന്‍, ഗവര്‍ണര്‍ - സര്‍ക്കാര്‍ പോര്, പാര്‍ട്ടി നയം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗി'ലാണ് എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.

തിരുവനന്തപുരത്തുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഉല്‍പന്നങ്ങള്‍ എറണാകുളത്ത് കൊണ്ടുപോയി വിറ്റ് അന്നു തന്നെ മടങ്ങാനാകുമെന്നാണ് സില്‍വര്‍ലൈന്‍ വന്നാലുള്ള നേട്ടമായി എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികള്‍, കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമസ്ത മേഖലയിലുള്ളവരുടേയും വികസനത്തിന് സില്‍വര്‍ലൈന്‍ സഹായകമാകും. സില്‍വര്‍ലൈന്‍ പരിസ്ഥിതിക്ക് എതിരാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. വികസനപ്രവര്‍ത്തനങ്ങളൊന്നും പാടില്ലെന്ന നിഷേധാത്മക ചിന്തയുടെ ബാക്കിപത്രമാണ് ഇത്തരം വിമര്‍ശനങ്ങള്‍. ദേശീയപാത വികസനത്തിനെതിരെയെും സമാനമായ പ്രചാരണം നടന്നിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സമ്പന്നരാണ് മുഖ്യശത്രുവെന്ന ധാരണ പലപ്പോഴുമുണ്ടാകുന്നുണ്ട്. ഈ മനോഭാവം മാറണം. പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സമ്പന്നരായ കര്‍ഷകരാണ്. കേരളത്തില്‍ ഇടതുപക്ഷത്തിന് ആശ്രയിക്കാനാകാത്ത ചുരുക്കം ചിലര്‍ മാത്രമാണുള്ളത്. എന്നാല്‍ ഇടതുപക്ഷത്തെ ആശ്രയിക്കാന്‍ കഴിയാത്തവരായി ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വിശ്വാസികള്‍ക്ക് എതിരല്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആഭ്യന്തര വകുപ്പിനെതിരായ പഴികളെ കുറിച്ചുള്ള ചോദ്യത്തിന് , പോലീസ് നടപടികള്‍ സര്‍ക്കാരിന്‌റെ പ്രതിച്ഛായയെ ബാധിച്ചപ്പോഴെല്ലാം പാര്‍ട്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിട്ടുണ്ടെന്ന് എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പിന്നോട്ടില്ലെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് നോമിനിയാണ്. ഗവര്‍ണറുടെ നടപടിയെ ഭരണഘടനാപരമായും നിയമപരമായും നേരിടും. വിഷയം രാഷ്ട്രീയമാകുമ്പോള്‍ രാഷ്ട്രീയപരമായി ചെറുത്ത് നില്‍ക്കും. സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമങ്ങളെ അസാധുവാക്കിയെന്ന ഗവര്‍ണറുടെ വാദം തെറ്റാണ്. അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ക്ക് ചാന്‍സലറായി തുടരാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. യുജിസിയുടെ എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം പാലിക്കേണ്ടതില്ല. സംസ്ഥാനത്തിന് അതിന്റേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമങ്ങള്‍ ഉണ്ടാക്കിയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാടുകള്‍ തികച്ചും ഭരണഘടനാ വിരുദ്ധമാണ്. മധ്യസ്ഥ ചര്‍ച്ചയിലൂടെ അവസാനിപ്പിക്കാവുന്ന വിഷയമല്ല സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമിടയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയുടെ വലിയൊരു ശക്തി യുവാക്കളാണ്. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സിപിഎമ്മിന്റെ കരുത്താണ്. പാര്‍ട്ടി അംഗത്വം കൊണ്ട് മാത്രം ഒരാള്‍ കമ്മ്യൂണിസ്റ്റായി എന്ന തെറ്റിദ്ധാരണ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. മാര്‍ക്‌സിസ്റ്റ് ആകുകയെന്നത് ഒരു തുടര്‍ പ്രക്രിയയാണ്. പാര്‍ട്ടിയുടേത് ന്യൂനപക്ഷ പ്രീണന നയങ്ങളാണെന്ന ആരോപണവും അദ്ദേഹം തള്ളി.

logo
The Fourth
www.thefourthnews.in