അഡ്വ. സൈബിക്കെതിരായ അന്വേഷണം പുരോഗമിക്കുവെന്ന് സർക്കാർ

അഡ്വ. സൈബിക്കെതിരായ അന്വേഷണം പുരോഗമിക്കുവെന്ന് സർക്കാർ

കേസുമായി ബന്ധപ്പെട്ട് 14 ഗാഡ്ജെറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കോഴ വാങ്ങിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 14 ഗാഡ്ജെറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇവയുടെ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും സർക്കാർ അറിയിച്ചു. ഫോറൻസിക് പരിശോധന ഉടൻ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ഡോക്ടർ കൗസർ എടപ്പക്കത്ത് നിർദേശിച്ചു.

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ മുൻ പ്രസി‍ഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരായാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഹൈക്കോടതി ജഡ്‌ജിമാർക്ക് നൽകാനെന്ന പേരിൽ അഡ്വ. സൈബി ജോസ് കിടങ്ങൂർ കക്ഷികളിൽ നിന്ന് വൻ തുക പലപ്പോഴായി കൈപ്പറ്റിയതായി ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ജസ്റ്റിസ് കുഞ്ഞികൃഷ്‌ണന് നൽകാനെന്ന പേരിൽ 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖിന് നൽകാൻ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാന് നൽകാനെന്ന് പറഞ്ഞ് 50 ലക്ഷവും രൂപ വീതം വാങ്ങിയതായി അറിയാമെന്നാണ് ഹൈക്കോടതിയിലെ നാല് അഭിഭാഷകർ മൊഴി നൽകിയത്.

ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍റെ പരാതിയെ തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് വിജിലൻസ് രജിസ്ട്രാർ അന്വേഷണം നടത്തിയത്. ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി ഡി ജി പിക്ക് കൈമാറിയതോടെ പോലീസും പ്രാഥമികാന്വേഷണം നടത്തി.

സൈബിയിൽ നിന്നടക്കം മൊഴിയെടുത്ത് അന്വേഷണം പൂർത്തിയാക്കി എറണാകുളം സിറ്റി പോലീസ് കമ്മീഷണറും റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പീഡനക്കേസിൽ ഉൾപ്പെട്ട സിനിമാ നിർമാതാവിന്‍റെ പക്കൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി പണം വാങ്ങിയെന്നാണ് മൊഴി.

logo
The Fourth
www.thefourthnews.in