മോൻസൺ മാവുങ്കൽ തട്ടിപ്പ്: വഞ്ചനാ കേസിൽ കെ സുധാകരൻ രണ്ടാം പ്രതി;  ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി

മോൻസൺ മാവുങ്കൽ തട്ടിപ്പ്: വഞ്ചനാ കേസിൽ കെ സുധാകരൻ രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി

ഈ മാസം 14ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡൻറ് കെ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഈ മാസം 14ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. സുധാകരനെ രണ്ടാം പ്രതിയാക്കി, എറണാകുളം എസിജെഎം കോടതിയിൽ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയത്.

മോൻസൺ മാവുങ്കൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സുധാകരെൻ്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു. കെ സുധാകരൻ, മോൻസൺ മാവുങ്കലിന്റെ വീട്ടിൽ താമസിച്ച്‌ സൗന്ദര്യ വർധനയ്ക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയെന്നായിരുന്നു പരാതി. മോൺസന്റെ വീട്ടിൽ താമസിച്ച് 10 ദിവസം ചികിത്സ നടത്തിയെന്നായാരുന്നു പരാതിക്കാരൻ പറഞ്ഞത്. എന്നാൽ മോൻസൺ കണ്ടതും ചികിത്സ തേടിയതും സത്യമാണെന്നും പത്ത് ദിവസമല്ല അഞ്ച് ദിവസമാണ് ചികിത്സക്കായി വീട്ടിൽ താമസിച്ചതെന്നും കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

തട്ടിപ്പിന്റെ തെളിവുകൾ നൽകിയിട്ടും ക്രൈംബ്രാഞ്ച് എസ് പി നടപടിയെടുക്കുന്നില്ലെന്നും ഡിഐജി സുരേന്ദ്രൻ, ഐജി ജി ലക്ഷ്‌മൺ, കെ സുധാകരൻ എം പി തുടങ്ങിയവരുടെ പങ്കിനെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ഇക്കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് തയാറായില്ലെന്നുമടക്കം ചൂണ്ടിക്കാട്ടി തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശി എം ടി ഷെമീർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെയാണ് പ്രതി തട്ടിപ്പു നടത്തിയതെന്നിരിക്കെ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്നും മോൻസണിനെതിരെ മാത്രമാണ് കേസെടുത്തിട്ടുള്ളതെന്നുമാണ് പരാതി. വിദേശത്തേക്ക് പുരാവസ്തുക്കൾ നൽകിയതിന്‍റെ പണം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് ഹർജിക്കാരനടക്കം അഞ്ചു പേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തെന്നാണ് മോൻസണെതിരായ കേസ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in