പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ചു; അധ്യാപകനെ വിരമിക്കുന്നതിന് തൊട്ടുമുൻപ് ശിക്ഷിച്ച് സർക്കാർ

പരീക്ഷാ നടത്തിപ്പിനെ വിമര്‍ശിച്ചു; അധ്യാപകനെ വിരമിക്കുന്നതിന് തൊട്ടുമുൻപ് ശിക്ഷിച്ച് സർക്കാർ

ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലഭിക്കപ്പെട്ട ആദ്യത്തെ ശിക്ഷയാവും ഇതെന്ന് പ്രേമചന്ദ്രന്‍

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരീക്ഷാ നടത്തിപ്പ് രീതിയെ വിമര്‍ശിച്ച അധ്യാപകനെതിരെ വിരമിക്കുന്നതിന് തൊട്ടുമുൻപ് അച്ചടക്ക നടപടി. കോവിഡ് കാലത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിലെ ഫോക്കസ് ഏരിയ തുടങ്ങിയ വിഷയങ്ങളില്‍ വിമര്‍ശിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി പയ്യന്നൂര്‍ ഗവ. ഗേള്‍സ് എച്ച്എസ്എസിലെ അധ്യാപകന്‍ പി പ്രേമചന്ദ്രനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

20 വർഷം കരിക്കുലം കമ്മിറ്റിയിൽ അംഗമായിരുന്ന പ്രേമചന്ദ്രനെതിരെ, ഫേസ്ബുക്കിലെ വിമർശന കുറിപ്പിന്റെ പേരിലാണ് സെന്‍ഷര്‍ (പരസ്യ ശാസന) ശിക്ഷ നല്‍കി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസിന് പ്രേമചന്ദ്രന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ ഉത്തരവിൽ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പൊതുപരീക്ഷയില്‍ ഫോക്കസ് വിഭാഗത്തില്‍നിന്ന് മാത്രമേ ചോദ്യം ഉണ്ടാകുവെന്ന തീരുമാനം ലംഘിച്ച് നോണ്‍ ഫോക്കസ് വിഭാഗത്തില്‍നിന്ന് 30 മാര്‍ക്കിന്റെ ചോദ്യം ഉള്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെയായിരുന്നു പ്രേമചന്ദ്രന്റെ വിമർശനം.

ഫോക്കസ് ഏരിയ നിര്‍ണയിച്ചതിലെ പ്രശ്‌നങ്ങളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തിലും പ്രേമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അധ്യാപകന്‍ സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുന്നതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്.

അധ്യാപകന്റെ നടപടി 1960 ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണങ്ങളിലൂടെയോ എഴുത്തിലൂടെയോ മറ്റു രീതിയിലോ സര്‍ക്കാര്‍ നയത്തെയോ നടപടികളെയോ പൊതുജന മധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ചചെയ്യാനോ വിമര്‍ശിക്കാനോ പാടില്ലാത്തതും അങ്ങനെയുള്ള ചര്‍ച്ചയിലോ വിമര്‍ശനത്തിലോ യാതൊരു രീതിയിലും പങ്കെടുക്കാന്‍ പാടില്ലാത്തതുമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് അധ്യാപകന്‍ പെരുമാറിയതെന്നും ഉത്തരവ് ചൂണ്ടിക്കാട്ടുന്നു. പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് വിമര്‍ശനം നടത്തി വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക വളര്‍ത്തി സര്‍ക്കാറിന് എതിരെയാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റാരോപണവും ഉത്തരവിലുണ്ട്.

ആവിഷ്കാര സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുകയാണ് താന്‍ ചെയ്തതെന്നും അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധിക്കാനുള്ള അവകാശവുമായി ഇതിനെ കണ്ട്, തന്റെ അക്കാദമിക സേവനങ്ങള്‍ കണക്കിലെടുത്ത് തന്നെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിന് പ്രേമചന്ദ്രന്‍ നല്‍കിയ മറുപടി. ഇത് അംഗീകരിക്കാതെയാണ് സർക്കാർ നടപടി.

അക്കാദമികമായ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ലഭിക്കപ്പെട്ട ആദ്യത്തെ ശിക്ഷയാവും ഇതെന്നാണ് നടപടിയെക്കുറിച്ച് പ്രേമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒന്നരപ്പതിറ്റാണ്ടെങ്കിലുമായി കേരളത്തിലെ പാഠ്യപദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നടന്നതുകൊണ്ടും പൊതുവിദ്യാഭ്യാസത്തെ ജീവനെക്കാള്‍ പ്രധാനവുമായി കരുതുന്നതുകൊണ്ടുമാണ് ഒരു നിര്‍ണായകമായ ഘട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം നിന്ന് അവര്‍ക്കായി ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതെന്നും പ്രേമചന്ദ്രൻ കുറിപ്പിൽ പറഞ്ഞു. 31 വർഷമായി അധ്യാപകനായി പ്രവർത്തിക്കുന്ന പ്രേമചന്ദ്രന് വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.

logo
The Fourth
www.thefourthnews.in