പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചിയില്‍ യുവാവിനെ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി; മരിച്ചത് മലപ്പുറം സ്വദേശി

ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ളാറ്റില്‍ യുവാവിനെ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി സജീവ് കൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടച്ചിറയിലെ ഫ്‌ളാറ്റില്‍ തുണിയില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത് എന്ന് ഇൻഫോപാർക്ക് പോലീസ് ദ ഫോർത്തിനോട് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ചൊവ്വാഴ്ച വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. അറ്റകുറ്റപണികൾക്ക് ഉപയോഗിക്കുന്ന ഡാക്ടിലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സജീവ് കൃഷ്ണക്കൊപ്പം മറ്റ് നാല് പേർ കൂടി ഫ്‌ളാറ്റില്‍ താമസിച്ചിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മരിച്ച സജീവിനോടൊപ്പം താമസിച്ചിരുന്ന മൂന്ന് പേര്‍ കഴിഞ്ഞ ദിവസംവിനോദയാത്രയ്ക്ക് പോയിരുന്നു. ഇവര്‍ തിരിച്ച് വന്ന് ബെല്ലടിച്ചിട്ടും വാതില്‍ തുറന്നില്ല. തുടർന്ന് അവര്‍ മറ്റൊരു മുറിയിലാണ് കിടന്നുറങ്ങിയത്. പിറ്റേന്ന് രാവിലെ വാതില്‍ മുട്ടിയിട്ടും തുറക്കാതെ വന്നപ്പോള്‍ ഡ്യുപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് രക്തം കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സജീവ്കൃഷ്ണയ്ക്കൊപ്പം ഉണ്ടായിരുന്ന പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. അർഷാദിന് മരണത്തിൽ പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

സജീവന്റെ നെഞ്ചിലും മറ്റും കുത്തേറ്റിട്ടുണ്ട്. മുറിയിലെ രക്തക്കറ കഴുകി കളഞ്ഞിട്ടുണ്ടാകാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. മുറിയിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കള്‍ ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരാണ്.

logo
The Fourth
www.thefourthnews.in