രാജസ്ഥാന്‍ 'ചതിച്ചു'; ആലപ്പുഴ വഴി പാര്‍ലമെന്‍റ് കടക്കാന്‍ ഇക്കുറി കെ സി ഇല്ല

നിലവിലെ അവസ്ഥയില്‍ രാജസ്ഥാനില്‍ നിന്ന് കെസിക്ക് പകരം ഒരാളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകില്ല. ഇപ്പോൾ തന്നെ രാജ്യസഭയില്‍ കോൺഗ്രസിന്റെ തുച്ഛമായ അംഗബലം ഒന്നുകൂടെ കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കൂ

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതോടെ അശോക് ഗെഹ്‌ലോട്ടിന്റെയും കോണ്‍ഗ്രസിന്റെയും ഭരണത്തുടര്‍ച്ചാ മോഹങ്ങള്‍ക്കൊപ്പം പൊലിഞ്ഞത് ആലപ്പുഴയിലെ കോണ്‍ഗ്രസുകാര്‍ കണ്ട സ്വപ്‌നവും. പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ ഒരേയൊരു 'കനല്‍ത്തരി'യായ ആലപ്പുഴ എംപി എഎം ആരിഫിനെ വരുന്ന തിരഞ്ഞെടുപ്പില്‍ പൂട്ടാന്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടുവച്ചത് പാര്‍ട്ടിലെ രണ്ടാമനെന്ന് വിശേഷിപ്പിക്കാവുന്ന കെസി വേണുഗോപാലിനെയാണ്. എന്നാല്‍ ആ മോഹങ്ങള്‍ കൊണ്ടുനടന്നവര്‍ക്ക് ഇപ്പോള്‍ 'രാജസ്ഥാന്‍ ചതിച്ചാശാനേ' എന്ന് വിലപിക്കാനേ കഴിയുന്നുള്ളു.

കാരണം, രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ് കെസി വേണുഗോപാല്‍. എംപിയായിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞതേയുള്ളൂ. 2026 ജൂണ്‍ ഇരുപത്തിയൊന്നാം തീയതി വരെ കാലാവധി ബാക്കി കിടപ്പുണ്ട്. അതിനിടയില്‍ ആലപ്പുഴയില്‍ വന്ന് മത്സരിച്ച് ലോക്സഭയിലേക്ക് ജയിച്ചാല്‍, രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കേണ്ടി വരും. നിലവിലെ അവസ്ഥയില്‍ രാജസ്ഥാനില്‍ നിന്ന് കെസിക്ക് പകരം ഒരാളെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകില്ല. ഇപ്പോൾ തന്നെ രാജ്യസഭയില്‍ കോൺഗ്രസിന്റെ തുച്ഛമായ അംഗബലം ഒന്നുകൂടെ കുറയ്ക്കാൻ മാത്രമേ ഇത് സഹായിക്കൂ.. അതിനെന്തായാലും കെസി വേണുഗോപാലോ എഐസിസിയോ മുതിരില്ലെന്ന് ഉറപ്പാണ്.

വേണുഗോപാലിന്‍റെ ആലപ്പുഴ സ്ഥാനാര്‍ത്ഥിത്വം അന്തരീക്ഷത്തില്‍ ചര്‍ച്ചയായി നില്‍ക്കുന്ന സമയത്താണ് മുന്‍ പ്രതിപക്ഷ നേതാവും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തല ആ വെടിപൊട്ടിച്ചത്.'ആലപ്പുഴയില്‍ കെസി മത്സരിക്കണം, ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷകനാകും'. നവംബര്‍ മാസം പത്താംതീയതി നടന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വേണുഗോപാലിനെ വേദിയിലിരുത്തി ചെന്നിത്തല ഇങ്ങനെ പറഞ്ഞപ്പോള്‍ സ്ഥാനാര്‍ത്ഥി മോഹികള്‍ ഒഴിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ആവേശത്തിലായിരുന്നു. അതിനുമേലാണ് രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇടിത്തീയായത്.

കണ്ണൂരിലെ ചുവപ്പന്‍ കോട്ടകളില്‍ ഒന്നായ പയ്യന്നൂരില്‍ ജനിച്ച കെസി വേണുഗോപാല്‍ മുപ്പത്തിമൂന്നാം വയസ്സിലാണ് വള്ളങ്ങളുടെയും വെള്ളങ്ങളുടേയും നാടായ ആലപ്പുഴയിലേക്ക് 'കുടിയേറുന്നത്'. വന്ന വരവില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക്.പിന്നെയും രണ്ട് തിരഞ്ഞെടുപ്പുകളില്‍ ആലപ്പുഴ വഴി തന്നെ നിയമസഭയിലെത്തി, അതിലൊരു തവണ മന്ത്രിയും. അതോടെ ആലപ്പുഴയെ സ്വന്തം നാടാക്കി മാറ്റി വേണുഗാപാല്‍. 2009 ആയപ്പോഴേക്കും ലോക്സഭയിലേക്ക് കളം മാറി ചവുട്ടി. ആലപ്പുഴ വഴി കെസി വേണുഗോപാല്‍ കയറി ചെന്നത് കേന്ദ്രസഹമന്ത്രി പദവിയിലേക്കാണ്. അവിടുന്നുള്ള വളര്‍ച്ച സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന കോണ്‍ഗ്രസിലെ രണ്ടാം സ്ഥാനത്ത് വരെ എത്തി നില്‍ക്കുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in