പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

പനിപ്പേടി വിട്ടൊഴിയുന്നില്ല; ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്നു, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

വരും ദിവസങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ ഉയരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളേക്കാള്‍ ഇത്തവണ വര്‍ധനവുണ്ടാകും.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഇന്നലെ വിവിധ ജില്ലകളിലായി 13,521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതില്‍ 125 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ വര്‍ഷം പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 264 പേരാണ് ഡെങ്കി ലക്ഷണത്തോടെ ചികിത്സ തേടിയത്.

എട്ട് പേര്‍ക്കാണ് ഇന്നലെ എലിപ്പനി സ്ഥിരീകരിച്ചത്. 12 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനി ബാധിച്ച് ഒരു മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഈ മാസം ഇതുവരെ 41 പേരാണ് പനി ബാധിച്ച് മരിച്ചത്. ഇതില്‍ 25 പേര്‍ ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്.

പ്രതീകാത്മ ചിത്രം
സംസ്ഥാനത്ത് ഡെങ്കി കേസുകള്‍ കൂടുന്നു; ജില്ലകളിലെ സാഹചര്യം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി

ഡെങ്കിപ്പനി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ ഉയരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനി കേസുകളേക്കാള്‍ ഇത്തവണ വര്‍ധനവുണ്ടാകും. വൈറസില്‍ സ്വാഭാവികമായി സംഭവിക്കുന്ന ജനിതക മാറ്റമാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. കൂടുതല്‍ ആളുകളിലേക്ക് വേഗത്തില്‍ പടരുന്ന വൈറസിന്റെ സ്വഭാവം മിക്ക കേസുകളിലും കാണുന്നുണ്ടെന്നും അതിനാല്‍ കണക്ക് ഇനിയും ഉയരുമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു ദ ഫോര്‍ത്തിനോട് പറഞ്ഞു.

മഴ, അന്തരീക്ഷത്തിലെ വ്യത്യാസം തുടങ്ങിയവയാണ് ജൂണ്‍, ജൂലൈ മാസങ്ങളിലെ പകര്‍ച്ച പനിയുടെ പ്രധാന കാരണം. എന്നാല്‍ മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമല്ലാത്തതും ഇത്തവണ തിരിച്ചടിയായെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. വീടിനകത്തും പുറത്തും കൊതുക് വളരാനിടയുള്ള സാഹചര്യം ഒഴിവാക്കുക, ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേ ആചരിക്കുക, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ പൊതുവിടങ്ങള്‍ വൃത്തിയാക്കുക എന്നിങ്ങനെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ കൃത്യമായി ഉറപ്പ് വരുത്തണമെന്നും ഡോ. സുല്‍ഫി വ്യക്തമാക്കി.

പ്രതീകാത്മ ചിത്രം
കേരളത്തില്‍ മൂന്നില്‍ രണ്ട് കുട്ടികള്‍ക്കും ഡെങ്കിപ്പനി ബാധിക്കുന്നു: പഠനം

ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം മലപ്പുറം ജില്ലയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 2,164 പേരാണ് പനി ബാധിതരായത്. 399 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇടുക്കിയിലാണ് ഏറ്റവും കുറവ്. ഈ മാസം ഇതുവരെയായി 2,14,410 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടിയതെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്‌.

logo
The Fourth
www.thefourthnews.in