'അന്ന് ബിജെപിയെ വിമര്‍ശിച്ചു, ഇന്ന് അവരുടെ കൂലിപ്പടയാളിയെപ്പോലെ അസംബന്ധ യുദ്ധം നടത്തുന്നു'- ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി

'അന്ന് ബിജെപിയെ വിമര്‍ശിച്ചു, ഇന്ന് അവരുടെ കൂലിപ്പടയാളിയെപ്പോലെ അസംബന്ധ യുദ്ധം നടത്തുന്നു'- ഗവര്‍ണര്‍ക്കെതിരെ ദേശാഭിമാനി

ഗവര്‍ണറുടെ പെരുമാറ്റം മനോനില തെറ്റിയവരെപ്പോലെയെന്ന് ജനയുഗം

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇടതു മുഖപത്രങ്ങള്‍. സിപിഎം മുഖപത്രം ദേശാഭിമാനിയും സിപിഐ മുഖപത്രം ജനയുഗവുമാണ് ഗവര്‍ണറുടെ നിലപാടുകളെ പരിഹസിച്ചും ബിജെപി ബന്ധത്തെ സൂചിപ്പിച്ചും ലേഖനമെഴുതിയത്. ഗവര്‍ണര്‍ നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ എത്തിയ ആളാണെന്നും പദവിക്ക് പിന്നാലെ പോയ ആളെന്നുമാണ് ദേശാഭിമാനിയുടെ തലക്കെട്ട്. ബിജെപി സര്‍ക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സര്‍ക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍.

വളരെ ചെറുപ്പത്തിലെ പദവികള്‍ ആസ്വദിച്ചു തുടങ്ങിയ നേതാവാണ് ആരിഫ് മുഹമ്മദ് ഖാനെന്നും വില പേശി വിറ്റുകിട്ട നേട്ടങ്ങളില്‍ മതി മറന്നാടുകയാണെന്നും വിമര്‍ശനം. എണ്‍പതുകളുടെ അവസാനം തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വാഴ്ത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പതനത്തിന്റെ അവസാന അധ്യായമാണ് ഇന്ന് മലയാളിക്ക് മുന്നില്‍ അദ്ദേഹം ആടിത്തീര്‍ക്കുന്നത്.

കാണാന്‍ ചേലുണ്ട്. പക്ഷെ അത് സംസ്ഥാന താല്‍പര്യങ്ങള്‍ പോലും ഹനിക്കുംവിധമാകുമ്പോള്‍ ഈ നാട് കണ്ടു നില്‍ക്കുമോയെന്ന് കണ്ടറിയണം. സ്വന്തം നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കളങ്കവും ആവോളമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളടക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നു. കുപ്രസിദ്ധമായ ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയാണ് ഗവര്‍ണര്‍ എന്നിങ്ങനെ പോകുന്നു ഗവര്‍ണക്കെതിരായ ദേശാഭിമാനി വിമര്‍ശനം.

അതേസമയം സിപിഐ മുഖപത്രമായ ജനയുഗം 'മലിനമാക്കപ്പെടുന്ന രാജ്ഭവനുകള്‍ ' എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം നല്‍കിയിരിക്കുന്നത്. പരിപാവനമെന്ന് പലരും കരുതുന്ന സംസ്ഥാന രാജ്ഭവനെ ' ഗുണ്ടാ രാജ്ഭവനാ'ക്കിയതുപോലെയാണ് ഇന്നലെ അദ്ദേഹത്തിന്റെ വാര്‍ത്താസമ്മേളനം വീക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് തോന്നിയിട്ടുണ്ടാവുക.

ചില ചെലവുകളെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന്റെ ധൂര്‍ത്ത് എന്ന പരാമര്‍ശവും നടത്തുകയുണ്ടായി. ഇത് അദ്ദേഹം പറയുന്നത് ഏറ്റവും വലിയ ധൂര്‍ത്താണെന്ന് പൊതുഅഭിപ്രായമുള്ള ഗവര്‍ണര്‍ പദവിയിലും രാജ്ഭവനെന്ന കെട്ടിടത്തിലുമിരുന്നാണെന്നത് വൈരുധ്യമാണ്. അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയ രാജ്ഭവന്റെയും ഗവര്‍ണര്‍ പദവിയുടെയും ധൂര്‍ത്ത് അറിയണമെങ്കില്‍ വെബ്‌സൈറ്റില്‍ കേരള രാജ്ഭവന്‍ എന്ന് സെര്‍ച്ച് ചെയ്ത് അതിലേക്ക് കടന്ന് നോക്കണം.

തലസ്ഥാന നഗരത്തിലെ കണ്ണായ പ്രദേശത്ത് 35 ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്ത് അത്യാഡംബരപൂര്‍വം പണി കഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങളും വാസസ്ഥലങ്ങളുമാണ് ഗവര്‍ണര്‍ എന്ന പദവിയിരിക്കുന്ന വ്യക്തിക്കായി സ്ഥിതി ചെയ്യുന്നത്. കൊട്ടാര സമാനമായ സൗകര്യങ്ങളുടെയും മറ്റു വിശദീകരണങ്ങളും വെബ്‌സൈറ്റുകളില്‍ ലഭ്യമാണെന്ന് വ്യക്തമാക്കുന്ന ലേഖനത്തില്‍ രാജ്ഭവന്റെ മറ്റ് സൗകര്യങ്ങളെക്കുറിച്ചും ഗവര്‍ണറുടെ സ്റ്റാഫുകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കുന്ന ശമ്പളത്തെക്കുറിച്ചും മറ്റു സൗകര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.

ഗവര്‍ണറെന്ന പദവിക്കു വേണ്ടിയുള്ള സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നത്. രാജ്ഭവനിലെ ജീവനക്കാരുടെ വേതനത്തിനായി കോടികള്‍ വേറെയും ചെലവഴിക്കുന്നു. പറയുന്ന വാക്കിനോട് നീതി പുലര്‍ത്തുവാന്‍ സന്നദ്ധമാകാതെ പുലഭ്യം വിളിച്ചു പറഞ്ഞ് രാജ്ഭവനെ മലിനമാക്കുന്ന നടപടിക്ക് ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ലെന്ന് പറഞ്ഞാണ് ലേഖനം അവസാനിച്ചിരിക്കുന്നത്.

ഏതായാലും ഗവര്‍ണരും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. ഗവര്‍ണര്‍ക്ക് ആര്‍എസ്എസ് വിധേയത്വമാണെന്നും പദവി വ്യക്തിപരമായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കി മറുപടി.

logo
The Fourth
www.thefourthnews.in