ദേശാഭിമാനി
ദേശാഭിമാനി

ദേശാഭിമാനി ഇനി ഇവന്റ് മാനേജ്‌മെന്റ് രംഗത്തേക്ക്, അനുമതി നല്‍കി സിപിഎം സംസ്ഥാന കമ്മിറ്റി

സാമ്പത്തിക വെല്ലുവിളി മറികടക്കുക എന്നതാണ് പുതിയ ആശയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് ദ ഫോര്‍ത്തിനോട് പറഞ്ഞു

വരുമാന വര്‍ധനയ്ക്ക് പുതിയ മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായി മറ്റ് വന്‍കിട മാധ്യമങ്ങളുടെ മാതൃകയില്‍ ദേശാഭിമാനിയും ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങുന്നു. ഇത് സംബന്ധിച്ച ദേശാഭിമാനിയുടെ നിര്‍ദേശത്തിന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഇവന്റ് മാനേജ്‌മെന്റ് കമ്പനി തുടങ്ങുന്ന കാര്യം ദേശാഭിമാനി ജനറല്‍ മാനേജർ കെ ജെ തോമസ് ദ ഫോര്‍ത്തിനോട് സ്ഥിരീകരിച്ചു. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയാണ് ദേശാഭിമാനിയുടെ നിര്‍ദേശത്തിന് അംഗീകാരം നല്‍കിയത്.

ദേശാഭിമാനിയുടെ പരിപാടികള്‍ മാത്രമല്ല പരമാവധി സര്‍ക്കാര്‍ പരിപാടികള്‍ കൂടി ഏറ്റെടുത്ത് നടത്താന്‍ കഴിയുന്ന തരത്തില്‍ ഗ്രൂപ്പിനെ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇവയ്ക്ക് പുറമെ സ്വകാര്യ പരിപാടികള്‍ ഉള്‍പ്പെടെ ദേശാഭിമാനി ഏറ്റെടുക്കും. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിയതോടെ തുടർ ചർച്ചകൾ പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ നടത്തി, തീരുമാനവുമായി മുന്നോട്ടുപോകും.

മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ കീഴില്‍ നിലവില്‍ ഇത്തരം ഇവന്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സാധ്യത ഉപയോഗപ്പെടുത്തുക എന്നതാണ് ദേശാഭിമാനിയും സിപിഎമ്മും ലക്ഷ്യമിടുന്നത്

അച്ചടി മാധ്യമങ്ങള്‍ ഇന്ന് നേരിടുന്ന സാമ്പത്തിക വെല്ലുവിളി മറികടക്കുക എന്നതാണ് പുതിയ ആശയങ്ങളിലൂടെ ദേശാഭിമാനിയും ലക്ഷ്യമിടുന്നതെന്ന് ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. മാതൃഭൂമി, മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ കീഴില്‍ നിലവില്‍ ഇത്തരം ഇവന്റ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സാധ്യത ഉപയോഗപ്പെടുത്തുക എന്നതാണ് ദേശാഭിമാനിയും സിപിഎമ്മും ലക്ഷ്യമിടുന്നത്.

സംഘടനാ സംവിധാനം ഉപയോഗിച്ച് ദേശാഭിമാനി വെബ് എഡിഷന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള സംവിധാനങ്ങള്‍ ആലോചിക്കണമെന്നും തീരുമാനമുണ്ട്

ഇവന്റ് ഗ്രൂപ്പ് സാധ്യമായാല്‍ ഭരണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ പരമാവധി സര്‍ക്കാര്‍ പരിപാടികള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്. . കൂടാതെ സിപിഎമ്മിന്റെയും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മറ്റ് ബഹുജന സംഘടനകള്‍ എന്നിവയുടെയും സംഘടനാ സംവിധാനം ഉപയോഗിച്ച് ദേശാഭിമാനി വെബ് എഡിഷന് കൂടുതല്‍ പ്രചാരം നല്‍കാനുള്ള സംവിധാനങ്ങള്‍ ആലോചിക്കണമെന്നും തീരുമാനമുണ്ട്.

കോവിഡിന് പിന്നാലെ മലയാള അച്ചടി മാധ്യമങ്ങള്‍ ഏറെയും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. എന്നാല്‍ ഇക്കാലയളവില്‍ സര്‍ക്കുലേഷനില്‍ വര്‍ധനവുണ്ടാക്കിയ പത്രമാണ് ദേശാഭിമാനി. തുടര്‍ഭരണം ദേശാഭിമാനിയുടെ വളര്‍ച്ചയ്ക്കും കാരണമായി. 2019 ഡിസംബറില്‍ 5,68,039 കോപ്പികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2022 ജൂണ്‍ മാസത്തിലെ കണക്കില്‍ 16,772 കോപ്പികളുടെ വര്‍ധനവാണ് ദേശാഭിമാനിക്കുണ്ടായത്.

logo
The Fourth
www.thefourthnews.in