കെ റെയിൽ മുതൽ കെ ഫോൺ വരെ; വികസന വാദങ്ങളും വിവാദങ്ങളും, പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷങ്ങള്‍

കെ റെയിൽ മുതൽ കെ ഫോൺ വരെ; വികസന വാദങ്ങളും വിവാദങ്ങളും, പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷങ്ങള്‍

ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിച്ച് 2021 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തുടര്‍ഭരണം നേടിയ എല്‍ഡിഎഫ് ജനങ്ങളുടെ പ്രതീക്ഷകള്‍ക്കഅനുസരിച്ച പ്രവര്‍ത്തനങ്ങളാണോ കാഴ്ചവച്ചത്? ജനകീയ പദ്ധതികള്‍ മുന്നോട്ടുവച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരെന്ന് പ്രചാരണമാണ് ഇടതുപക്ഷം രണ്ടാം വാര്‍ഷികത്തില്‍ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ വാര്‍ഷിക ദിനം വഞ്ചനാദിനമായി ആചരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. സെക്രട്ടേറിയറ്റ് വളയല്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധ പരിപാടികളാണ് യുഡിഎഫ് വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാപകല്‍ സമരവുമായി ബിജെപിയും രംഗത്തുണ്ട്.

സമസ്ത മേഖലയിലും സമഗ്ര മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ കുതിക്കുന്നതെന്നാണ് ഇടതു ക്യാമ്പിന്റെ അവകാശവാദം

ഭരണത്തുടര്‍ച്ചയെന്ന ചരിത്രം സൃഷ്ടിച്ച് 2021 മെയ് 20നാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സമസ്തമേഖലയിലും സമഗ്ര മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ കുതിക്കുന്നതെന്നാണ് ഇടതു ക്യാമ്പിന്റെ അവകാശവാദം. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കുക, അതിദാരിദ്ര്യം തുടച്ചുനീക്കാനുള്ള സമഗ്രപദ്ധതികള്‍, വന്‍കിട വികസന പദ്ധതികള്‍ തുടങ്ങി വലിയ പട്ടിക തന്നെ ഭരണപക്ഷം മുന്നോട്ടുവയ്ക്കുന്നു.

കേരളത്തിന്റെ 12.01 ഡിജിപി വളര്‍ച്ചയും വ്യവസായ- സ്റ്റാര്‍ട്ടപ് രംഗത്തെ മുന്നേറ്റം എന്നിവയ്ക്ക് ഒപ്പം നിതി ആയോഗ് കണക്കുകളിലെ കേരളം മുന്നിലെത്തിയ വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം തുടങ്ങി വിവിധ ജീവിത സൂചികകളും സര്‍ക്കാരിന്റെ നേട്ടമായി ഇടതുകേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്ന കെഫോണ്‍ പദ്ധതി ജൂണ്‍ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്.

സില്‍വല്‍ ലൈനില്‍ വലിയ ജനകീയ പ്രതിഷേധമാണ് പിണറായി സര്‍ക്കാര്‍ നേരിട്ടത്

വിവാദങ്ങളുടെ വലിയ വേലിയേറ്റവും രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തില്‍ കേരളം കണ്ടു. സ്വപ്‌ന പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിച്ച സെമി ഹൈ സ്പീഡ് റെയിൽവേ പദ്ധതിയായ സില്‍വര്‍ ലൈനും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുമാണ് ഇതില്‍ പ്രധാനം. സില്‍വർ ലൈനില്‍ വലിയ ജനകീയ പ്രതിഷേധമാണ് പിണറായി സര്‍ക്കാര്‍ നേരിട്ടത്. വിലക്കയറ്റം, ബജറ്റ് നിര്‍ദേശങ്ങള്‍ മൂലമുണ്ടായ നികുതി ഭാരം തുടങ്ങിയ വിഷയങ്ങളും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു. അഴിമതിയും ഭരണത്തത്തകര്‍ച്ചയുമാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.

ഗതാഗതമേഖലയിലെ നിയമലംഘനങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഴിമതി ആരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയുള്‍പ്പെടെയാണ് ഭരണത്തകര്‍ച്ചയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെട്ടുന്നത്. അതേസമയം, രണ്ടാം വാര്‍ഷിക ദിനത്തില്‍ സര്‍ക്കാര്‍ പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി വാര്‍ഷികം ഗംഭീരമായി ആഘോഷിക്കാന്‍ തന്നെയാണ് എല്‍ഡിഎഫ് നീക്കം.

വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

വാര്‍ഷിക ആഘോഷങ്ങളുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് ശനിയാഴ്ച സമാപനമാകുന്നത്. പ്രോഗ്രസ് റിപ്പോര്‍ട്ടും പരിപാടിയില്‍ മുഖ്യമന്ത്രി പ്രകാശിപ്പിക്കും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന എല്‍ഡിഎഫ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.

logo
The Fourth
www.thefourthnews.in