ഡിജിപി അനില്‍കാന്തും ചീഫ് സെക്രട്ടറി വി പി ജോയിയും സര്‍വീസില്‍ നിന്നും പടിയിറങ്ങി

ഡിജിപി അനില്‍കാന്തും ചീഫ് സെക്രട്ടറി വി പി ജോയിയും സര്‍വീസില്‍ നിന്നും പടിയിറങ്ങി

അനിൽകാന്തിനും വി പി ജോയിക്കും യാത്രയയ്പ് നൽകി സംസ്ഥാനസർക്കാർ

രണ്ടര വര്‍ഷക്കാലം സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ടിച്ച ഡോ. വി പി ജോയിയും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. കേരളത്തിലേക്ക് വരാനുള്ള തീരുമാനം മികച്ചതായിരുന്നെന്നും അഴിമതിരഹിതരായ ഉദ്യോഗസ്ഥരാണ് കേരളത്തിലുള്ളതെന്നും യാത്രയയപ്പ് ചടങ്ങില്‍ വി പി ജോയ് പറഞ്ഞു. വലിയ ഉത്തരവാദിത്തമാണ് മുഖ്യമന്ത്രിയും സര്‍ക്കാരും ഏല്‍പ്പിച്ചതെന്നും അത് കൃത്യമായി നിര്‍വഹിക്കാന്‍ സാധിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു അനില്‍കാന്തിന്റെ പ്രതികരണം.

2021 ഫെബ്രുവരി 28 നാണ് വി പി ജോയ് ചീഫ് സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത്. സംസ്ഥാനത്ത് ഇ-ഭരണം, ലിപി പരിഷ്‌കരണം, മലയാളത്തിലെ എഴുത്തുരീതി ഏകീകരിക്കല്‍ തുടങ്ങി നിരവധി ഭരണ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് വി പി ജോയ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിക്കുന്നത്. ഔദ്യോഗിക ജീവിതത്തിനൊപ്പം അദ്ദേഹം സാഹിത്യ രംഗത്തും നിറഞ്ഞുനിന്നു. 38 വര്‍ഷത്തെ സര്‍വീസില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ജോലി കഴിഞ്ഞാലും കര്‍മത്തില്‍ നിന്നു വിരമിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍കാന്ത് 2021 ജൂണ്‍ 30 മുതല്‍ രണ്ടു വര്‍ഷമാണ് പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്. റോഡ് സുരക്ഷാ കമ്മിഷണറായിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ഡല്‍ഹി സ്വദേശിയായ അനില്‍കാന്തിന്റെ ഡിജിപി സ്ഥാനത്തേക്കുള്ള വരവ്. കേരള കേഡറില്‍ എഎസ്പി ആയി വയനാട്ടിൽ സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഎസ്പി ആയും പ്രവര്‍ത്തിച്ചു.

രണ്ടര വര്‍ഷത്തെ കാലയളവില്‍ വി പി ജോയി ആരിലും അപ്രിയം ഉണ്ടാക്കിയില്ലെന്നും നല്ല നിലയിലുള്ള ഭരണ നിര്‍വഹണം മാതൃകാപരമായി നടത്തുന്നതിനുള്ള ഇടപെടലാണ് ഉണ്ടായതെന്നും സെക്രട്ടേറിയേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നല്ല വേഗതയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ആളാണ് ഡിജിപി അനില്‍കാന്ത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ. അത് തന്നെയാണ് സംസ്ഥാന പോലീസ് മേധാവിയായി ഉയര്‍ത്താന്‍ അടിസ്ഥാനം. ഒരു വിവാദത്തിലും പെടാതെ വിരമിക്കാന്‍ കഴിയുന്നത് അദ്ദേഹത്തിന്റെ മികവാണെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതില്‍ മികവ് നേടാന്‍ ഇക്കാലയളവില്‍ കേരളാ പോലീസിനായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in