ആരോഗ്യ പ്രവർത്തകരെ മർദിച്ചാൽ ഉടൻ കേസ്, രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രം; ആശുപത്രികളിൽ കർശന നിയന്ത്രണങ്ങൾ

ആരോഗ്യ പ്രവർത്തകരെ മർദിച്ചാൽ ഉടൻ കേസ്, രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രം; ആശുപത്രികളിൽ കർശന നിയന്ത്രണങ്ങൾ

ഡിജിപി എസ്എച്ച്ഒമാര്‍ക്ക് സര്‍ക്കുലര്‍ അയച്ചു

ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമമുണ്ടായാൽ ഒരു മണിക്കൂറിനുള്ളിൽ കേസെടുക്കാൻ നിർദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലറയച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നടപടികൾ കർശനമാക്കി. രോഗിക്കൊപ്പം ഇനി മുതൽ ഒരു സമയം ഒരാളെ മാത്രമെ കൂട്ടിരിപ്പിന് അനുവദിക്കൂ. ഇത്തരത്തിൽ രണ്ടുപേര്‍ക്ക് മാറി മാറി ഇരിക്കാം. ഇവർക്ക് പ്രത്യേകം പാസ് അനുവദിക്കും. പാസ് കൈമാറ്റം ചെയ്യാനോ ആശുപത്രിയിലുള്ള അനാവശ്യ സഞ്ചാരങ്ങളോ അനുവദിക്കില്ല. പാസില്ലാതെ വാര്‍ഡുകളിലെത്തുന്നവരെ കണ്ടെത്തിയാല്‍ സുരക്ഷാ ജീവനക്കാർ പോലീസിനെ വിവരമറിയിക്കണം.

സുരക്ഷാ ജീവനക്കാരുടെ ഭാഗത്ത് നിന്ന് കയ്യേറ്റ ശ്രമങ്ങളുണ്ടാകരുതെന്നും നിർദേശമുണ്ട്. പൊതുജനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ സുരക്ഷാ ജീവനക്കാർ സദുദ്ദേശത്തോടെ ഉൾക്കൊണ്ട് പ്രവർത്തിക്കണം. ആശുപത്രി ജീവനക്കാർ ഐഡി കാർഡ് ധരിച്ച് മാത്രമെ ജോലിയ്ക്കെത്താകൂ. ജീവനക്കാർക്ക് ബയോ മെട്രിക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്താനും എല്ലാ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാര്‍ക്ക് സർക്കാർ നിർദേശം നൽകി.

എല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റിന് പകരം പോലീസ് ഔട്ട് പോസ്റ്റ് സംവിധാനം വേണം. വേണ്ടത്ര സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. രോഗികളുടെ വിവരങ്ങള്‍ കൈമാറുന്നതിനായി ബ്രീഫിങ് റൂം പോലെയുള്ള സംവിധാനങ്ങൾ വേണമെന്നും ആരോഗ്യമന്ത്രിയുടെ നേത്യത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറക്കിയത്.

logo
The Fourth
www.thefourthnews.in