തോട്ടം മേഖലയുടെ വൈവിധ്യം തൊട്ടറിയാം; കേരള പ്ലാന്റേഷന്‍ എക്‌സ്‌പോ രണ്ടാം പതിപ്പ് കൊച്ചിയില്‍

തോട്ടം മേഖലയുടെ വൈവിധ്യം തൊട്ടറിയാം; കേരള പ്ലാന്റേഷന്‍ എക്‌സ്‌പോ രണ്ടാം പതിപ്പ് കൊച്ചിയില്‍

കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ജനുവരി 20 മുതല്‍ 22 വരെ എക്‌സ്‌പോയുടെ വേദിയാകും.

കേരള പ്ലാന്റേഷന്‍ എക്‌സ്‌പോയുടെ രണ്ടാം പതിപ്പ് ജനുവരി 20 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കും. സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് തോട്ടം മേഖലയുടെ സമഗ്ര വളര്‍ച്ചയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണിയും ലക്ഷ്യമിട്ടാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് എക്‌സ്‌പോയുടെ വേദി.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്ലാന്റേഷനുകള്‍, ഈ മേഖലയ്ക്കുള്ള ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിവിധ ഉത്പ്പന്നങ്ങളുടെയും വിതരണക്കാര്‍, തോട്ടം മേഖലയിലെ വിനോദ സഞ്ചാരം ഉള്‍പ്പെടെയുള്ള സേവന ദാതാക്കള്‍ തുടങ്ങിയവരുടെയും തോട്ടം മേഖലയുമായി ബന്ധപ്പെട്ട കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകും. ഈ മേഖലയിലെ സംരംഭകര്‍ക്കായി ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

കേരള പ്ലാന്റേഷന്‍ എക്‌സ്‌പോയുടെ ആദ്യ പതിപ്പ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്തായിരുന്നു നടന്നത്. തോട്ടം മേഖലയിലെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട് സംരംഭങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് സംഘടിപ്പിച്ച പരിപാടി വന്‍ വിജയമായിരുന്നു, കേരളത്തിലെ തോട്ടം ഉത്പന്നങ്ങളുടെ ആഗോള, ആഭ്യന്തര സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള വലിയ അവസരങ്ങള്‍ എക്‌സ്‌പോ മുന്നോട്ടു വയ്ക്കുന്നു.

logo
The Fourth
www.thefourthnews.in