'വനിതകളെ തുല്യമായി പരിഗണിക്കുന്നില്ല'; പോലീസിൽ വിവേചനം പാടില്ലെന്ന് ട്രിബ്യൂണൽ

'വനിതകളെ തുല്യമായി പരിഗണിക്കുന്നില്ല'; പോലീസിൽ വിവേചനം പാടില്ലെന്ന് ട്രിബ്യൂണൽ

സേനയിൽ ശരീര കേന്ദ്ര ചിന്തകൾ മാറേണ്ട കാലം അതിക്രമിച്ചെന്ന് പരാതിക്കാരിയായ മുൻ പോലീസ് ഉദ്യോഗസ്ഥ വിനയ

പോലീസ് സേനയിലുള്ള വനിതകൾ പ്രമോഷനടക്കമുള്ള കാര്യങ്ങളിൽ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യതയാണെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. വനിതാ പോലീസായിരിക്കെ അർഹമായ പ്രമോഷൻ ലഭിക്കാത്തതിനെ തുടർന്ന് മുൻ പോലിസ് ഉദ്യോഗസ്ഥ എൻ എ വിനയ നൽകിയ ഹർജിയിലാണ് ട്രിബ്യൂണലിന്റെ പരാമർശം.

1991 ൽ സർവീസിൽ കയറിയ വിനയക്ക് 21 വർഷത്തിന് ശേഷമാണ് പ്രമോഷൻ ലഭിച്ചതെന്നും പോലീസ് സേനയിൽ വനിതകളെ പുരുഷ പോലിസിനൊപ്പം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരി ട്രിബ്യൂണലിനെ സമീപിച്ചത്.

വനിതാ പോലീസ് ബറ്റാലിയൻ എന്ന പേരിലാണ് വനിതകളെ സേനയിലെടുക്കുന്നത്

പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അർഹമായ പ്രമോഷൻ ലഭിക്കുമ്പോൾ വനിത ഉദ്യോഗസ്ഥരെ സീനിയോറിറ്റി അനുസരിച്ച് പോലും പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നും ഇപ്പോഴും മാറ്റി നിർത്തൽ പതിവാണെന്നും ഹർജിക്കാരി വ്യക്തമാക്കിയിരുന്നു. 1991 ൽ സർവീസിൽ കയറിയ താൻ വയനാട് എസ് ഐ ആയത് 2020 ലാണ്. സേനയിൽ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ പോലീസ് ബറ്റാലിയൻ എന്ന ജനറൽ പോസ്റ്റിൽ പുരുഷൻമാർ മാത്രമാണുണ്ടാകുക. വനിതാ പോലീസ് ബറ്റാലിയൻ എന്ന പേരിലാണ് വനിതകളെ സേനയിലെടുക്കുന്നത്.

എസ് ഐ മാരുടെ പേരിനൊപ്പവും വനിതാ എസ്ഐ എന്ന് ചേർക്കും. ഇത്തരം വിവേചനം പാടില്ലെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. നിലവിൽ പ്രമോഷന് പുരുഷ , വനിതാ വിവേചനമില്ലെങ്കിലും ഹർജിക്കാരി ഉൾപ്പെടെ 244 മുൻ വനിതാ പോലിസ് ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ പ്രമോഷൻ ലഭിക്കാതിരുന്നിട്ടുണ്ടെന്നും അതിൽ നടപടിവേണമെന്നുമായിരുന്നു ആവശ്യം.

ഹർജി പരിഗണിച്ച ട്രൈബ്യൂണൽ, വനിതയാണെന്ന കാരണത്താൽ അർഹമായ പ്രമോഷനും ആനുകൂല്യവും നിഷേധിക്കപ്പെടുന്നത് ദുഖകരമാണെന്ന് വ്യക്തമാക്കി. ഇത്തരം വിവേചനം പാടില്ലെന്നുള്ള നിരവധി മേൽകോടതി വിധികളും ട്രിബ്യൂണൽ ഉദ്ധരിച്ചു.

പോലീസ് സേനയിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് ഇതിനെതിരെ നിയമപോരാട്ടം നടത്തുന്ന മുൻ പോലീസ് ഉദ്യോഗസ്ഥ വിനയ ദ ഫോർത്തിനോട് പറഞ്ഞത്

ഹർജിക്കാരി ഉൾപ്പെടെയുള്ളവർ സർവീസിൽ നിന്ന് വിരമിച്ചു. എന്നിരുന്നാലും ഹർജിക്കാരിയുടെ കേഡറിൽ ഉണ്ടായിരുന്ന നിലവിൽ സർവീസിലുളളവരുടെ കാര്യത്തിൽ സർക്കാർ മൂന്ന് മാസകത്തിനകം നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

പ്രമോഷൻ കാര്യത്തിൽ പുരുഷ പോലീസിനൊപ്പം വനിതകളെയും പരിഗണിക്കാൻ സർക്കാർ കുറച്ച് നാളുകൾക്ക് മുൻപ് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ പോലീസ് സേനയിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് ഇതിനെതിരെ നിയമപോരാട്ടം നടത്തുന്ന മുൻ പോലീസ് ഉദ്യോഗസ്ഥ വിനയ ദ ഫോർത്തിനോട് പറഞ്ഞത്.

ശരീര കേന്ദ്ര ചിന്തകളാണ് ഇപ്പോഴും സേനയിലുള്ളത്. അത് മാറേണ്ട കാലം അതിക്രമിച്ചു. ട്രിബ്യൂണൽ ഉത്തരവ് വന്നപ്പോഴേക്കും താൻ സർവീസിൽ നിന്ന് വിരമിച്ചു. എന്നാൽ ഈ ഉത്തരവോടെ തനിക്ക് പ്രമോഷൻ നൽകേണ്ടതായിരുന്നുവെന്ന് വ്യക്തമാണ്. അതിനാൽ നഷ്ടപരിഹാരമുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമപോരാട്ടം തുടരുമെന്നും വിനയ പറഞ്ഞു.

logo
The Fourth
www.thefourthnews.in