സീറോ-മലബാർ സഭയിലെ കുർബാനത്തർക്കം പുതിയ തലത്തില്‍; ഇനി ജനാഭിമുഖ കുർബാന മാത്രമെന്ന് അതിരൂപത അൽമായ മുന്നേറ്റം

സീറോ-മലബാർ സഭയിലെ കുർബാനത്തർക്കം പുതിയ തലത്തില്‍; ഇനി ജനാഭിമുഖ കുർബാന മാത്രമെന്ന് അതിരൂപത അൽമായ മുന്നേറ്റം

നിലവിൽ സിനഡ് കുർബാന ക്രമത്തിൽ കുർബാന അർപ്പിക്കപ്പെടുന്ന അഞ്ച്‌ പള്ളികളിലല്ലാതെ മറ്റൊരു പള്ളിയിലും സിനഡ് കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്നാണ്‌ അല്മായ മുന്നേറ്റത്തിന്റെ മുന്നറിയിപ്പ്

സീറോ-മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. വത്തിക്കാനെയും ഫ്രാന്‍സിസ് മാര്‍പാപ്പയെയും പരസ്യമായി വെല്ലുവിളിച്ച് എറണാകുളം -അങ്കമാലി തിരൂപത അല്‍മായ മുന്നേറ്റം രംഗത്തുവന്നു. അതിരൂപതയില്‍ ഇനി ജനാഭിമുഖ കുര്‍ബാന മാത്രമേ നടത്തൂയെന്നും ഏകീകൃത കുര്‍ബാന നടന്നാല്‍ തടയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

മാർപാപ്പായുടെ നിർദ്ദേശത്തെ തുടർന്ന് ക്രിസ്മസിന് പാതിര കുർബാന ഏകീകൃത കുർബാനയായി ചൊല്ലാനായിരുന്നു അതിരൂപതയിലെ വൈദികരുടെ ആദ്യ തീരുമാനം. എന്നാൽ അൽമായ മുന്നേറ്റത്തിന്റെ എതിർപ്പിനെ തുടർന്ന് അതിരൂപതയിലെ 320 പള്ളികളിൽ 290 പള്ളികളിലും പാതിരാ കുർബാന ജനാഭിമുഖമായാണ് നടന്നത്. ഡിസംബർ 25 മുതൽ പൂർണ ഏകീകൃത കുർബാന നടപ്പാക്കണമെന്ന വത്തിക്കാൻ നിർദേശം പാലിക്കാൻ അതിരൂപതയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് അതിരൂപതയിലെ 12 ദേവാലയങ്ങളിൽ മാത്രമാണ് സിനഡ് കുർബാന നടന്നത്.

എറണാകുളം അതിരൂപതയിലെ വൈദീകരും വിശ്വാസികളുമായി മാര്‍പാപ്പയുടെ പൊന്തിഫിക്കല്‍ ഡെലിഗേറ്റ് മാർ സിറിൽ വാസിൽ ഉണ്ടാക്കിയ ധാരണയിൽ വത്തിക്കാന്റെ അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും, എറണാകുളം അതിരൂപതയുടെ നിലപാട് വത്തിക്കാൻ അംഗീകരിക്കുമെന്നും അല്മായ മുന്നേറ്റം പ്രതീക്ഷ പ്രകടിപ്പിച്ചു. എറണാകുളം അതിരൂപതയിൽ നിലവിൽ സിനഡ് കുർബാന ക്രമത്തിൽ കുർബാന അർപ്പിക്കപ്പെടുന്ന അഞ്ച്‌ പള്ളികളിലല്ലാതെ മറ്റൊരു പള്ളിയിലും സിനഡ് കുർബാന അർപ്പിക്കാൻ അനുവദിക്കില്ലെന്നാണ്‌ അല്മായ മുന്നേറ്റത്തിന്റെ മുന്നറിയിപ്പ്.

അതിരുപതയുടെ ആസ്ഥാന ദേവാലയമായ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ നിലവിലെ സാഹചര്യം അനുസരിച്ചു തൽസ്ഥിതി തുടരാണെമെന്ന അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരിന്റെ നിർദേശം അട്ടിമറിച്ചു ബസിലിക്കയിൽ സിനഡ് കുർബാന അർപ്പിച്ച ഫാ.ആന്റണി പൂതവേലിക്ക് എതിരെ ഉടൻ നടപടി വേണമെന്നും അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in