ഉപ്പയും സഹോദരങ്ങളും പോയതറിയാതെ ഫാത്തിമ റെജുവ

ഉപ്പയും സഹോദരങ്ങളും പോയതറിയാതെ ഫാത്തിമ റെജുവ

ഉപ്പയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ബോട്ട് യാത്രയ്ക്ക് പോയ റെജുവ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്

താനൂര്‍ ബോട്ടപകടത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടെ കുടുംബത്തിന് ആശ്വാസമായി കാണാതായ ഏഴ് വയസുകാരിയെ കണ്ടെത്തിയ വാര്‍ത്ത. മലപ്പുറം പരിയാപുരത്തെ സിദ്ദിഖിന്റെ മകള്‍ ഫാത്തിമ റെജുവയ്ക്കു വേണ്ടിയായിരുന്നു തിരച്ചില്‍ സംഘം ദൗത്യം തുടര്‍ന്നത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്ന് അറിഞ്ഞതോടെ താത്കാലികമായി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയെങ്കിലും നടപടിക്രമം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും തിരച്ചില്‍ തുടരും. ശ്വാസ തടസമുണ്ടെങ്കിലും കുട്ടി അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ഉപ്പയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ബോട്ട് യാത്രയ്ക്ക് പോയ റെജുവ മാത്രമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

വാട്‌സ് ആപ്പില്‍ റെജുവയുടെ ചിത്രം കണ്ടതോടെയാണ് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്ന വിവരം അറിഞ്ഞതെന്ന് റെജുവയുടെ ബന്ധു ഹമ്‌സു ദ ഫോര്‍ത്തിനോട് പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിക്ക് ശ്വസതടസം നേരിട്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുൻപ് മാത്രമാണ് റെജുവ ഉപ്പ സിദ്ദിഖിനൊപ്പം സ്‌കൂള്‍ ബാഗ് വാങ്ങാനായി പുറത്ത് പോകുന്നത്

അപകടം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് റെജുവ ഉപ്പ സിദ്ദിഖിനൊപ്പം സ്‌കൂള്‍ ബാഗ് വാങ്ങാനായി പുറത്ത് പോകുന്നത്. അല്പം കഴിഞ്ഞ് തിരിച്ച് വന്ന അവർ റെജുവയുടെ അനിയനെയും ചേച്ചിയെയും കൂട്ടി ബോട്ട് യാത്ര ആസ്വദിക്കാനായി പോയി. വീട്ടില്‍ ഇവര്‍ക്കു വേണ്ടി കാത്തിരുന്ന ഉമ്മയേയും മറ്റൊരു സഹോദരനേയും മണിക്കൂറുകള്‍ക്കകം തേടിയെത്തിയത് വലിയൊരു ദുരന്ത വാര്‍ത്തയായിരുന്നു. മരിച്ച 22 പേര്‍ക്കൊപ്പം റെജുവയുടെ ഉപ്പയും ചേച്ചിയും അനിയനും ഉണ്ടായിരുന്നു.

റെജുവയെ കാണാതായതോടെ ബന്ധുക്കള്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിക്ക് ചെറിയ രീതിയില്‍ ന്യൂമോണിയ ഉണ്ടായിരുന്നുവെങ്കിലും അപകടനില തരണം ചെയ്തുവെന്ന് ബന്ധു പറഞ്ഞു. ഇപ്പോള്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കിലും കുട്ടി അത്യാഹിതവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.

ഉപ്പയും സഹോദരങ്ങളും പോയതറിയാതെ ഫാത്തിമ റെജുവ
സഹോദരങ്ങളുടെ ഭാര്യമാരും കുട്ടികളും; ബോട്ടപകടത്തില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 പേരുടെ ജീവന്‍

ബോട്ട് ദുരന്തത്തിൽ മരിച്ചവരിൽ ഏറെയും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. പരപ്പനങ്ങാടിയില്‍ ഒരു കുടുംബത്തിലെ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേര്‍ ഇവരുടെ ബന്ധുക്കളും. ചെട്ടിക്കുത്ത് വീട്ടില്‍ നാല് പേരാണ് അപകടത്തില്‍ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പൂരപ്പുഴയില്‍ ഒട്ടുംപുറം തൂവല്‍ തീരത്തിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്ക് ആയിരുന്നു ബോട്ടപകടം.

logo
The Fourth
www.thefourthnews.in