മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 143 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; 143 കോടിയുടെ സ്വത്ത് മരവിപ്പിച്ചു

തൃശ്ശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു

കേരളത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ബാങ്ക് നിക്ഷേപങ്ങളും ഓഹരിയും ഉൾപ്പെടെ 143 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചു. റെയ്ഡിൽ കുറ്റം ചുമത്താവുന്ന നിരവധി സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തതായും ഇ ഡി ട്വീറ്റ് ചെയ്തു. 

മണപ്പുറം ഫിനാൻസിന്റെ തൃശ്ശൂരിൽ പ്രധാന ശാഖയും മാനേജിങ് ഡയരക്ടർ വി പി നന്ദകുമാറിന്റെ വീടും ഉൾപ്പെടെ ആറ് ഇടങ്ങളിലാണ് കഴിഞ്ഞദിവസം റെയ്ഡ് നടന്നത്. അനധികൃതമായി നിക്ഷേപം സമാഹരിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെത്തുടർന്നായിരുന്നു റെയ്ഡ്.

അനധികൃതമായുണ്ടാക്കിയ വരുമാനം വി പി നന്ദകുമാർ വകമാറ്റി തന്റെ പേരിലും ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്ഥാവര സ്വത്തുക്കളിലും മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ഓഹരികളിലും നിക്ഷേപിച്ചതായാണ് ഇ ഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പിഎംഎൽഎ) പ്രകാരം വി പി നന്ദകുമാറിന്റെ മൊത്തം 143 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിക്കുകയായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ എട്ട് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം, ലിസ്‌റ്റഡ് ഷെയറുകളിലെ നിക്ഷേപം, ഓഹരികൾ എന്നിവ മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. ആർബിഐയുടെ അനുമതിയില്ലാതെ മണപ്പുറം അഗ്രോ ഫാംസ് (മാഗ്രോ) എന്ന തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴി നന്ദകുമാർ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും പൊതുനിക്ഷേപ രൂപത്തിൽ വലിയ തോതിലുള്ള പണമിടപാടുകളും സംബന്ധിച്ച തെളിവുകൾ ലഭിച്ചതായാണ് ഇഡി പറയുന്നത്.

മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ വിവിധ ശാഖാ ഓഫീസുകളിൽ ചില ജീവനക്കാർ മുഖേനയാണ് നന്ദകുമാർ അനധികൃതമായി നിക്ഷേപം ശേഖരിച്ചതെന്നാണ് ഇ ഡിയുടെ ആരോപണം. 143 കോടി രൂപയാണ് ഇത്തരത്തിൽ നിക്ഷേപങ്ങളായി ശേഖരിച്ചത്.

നിക്ഷേപകരിൽനിന്ന്‌ സമാഹരിച്ചതിൽ 9.25 ലക്ഷം രൂപ ഒഴികെ മുഴുവൻ തുകയും മടക്കിനൽകിയതായി കമ്പനി ആർബിഐയോട് വിശദീകരിച്ചു. എന്നാൽ പണം തിരിച്ചുനൽകിയതിന് തെളിവുകളോ നിക്ഷേപകരുടെ കെവൈസിയോ ഇല്ലെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ ചീഫ് ഫിനാൻസ് ഓഫീസറുടെയും (സിഎഫ്ഒ) മറ്റ് ജീവനക്കാരുടെയും പങ്ക് അന്വേഷിച്ചുവരികയാണെന്നും ഇ ഡി വൃത്തങ്ങൾ പറഞ്ഞു.

logo
The Fourth
www.thefourthnews.in