വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്യത്തില്‍ കുട്ടികളുടെ
ഫോട്ടോ ഉപയോഗിക്കരുത്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരസ്യത്തില്‍ കുട്ടികളുടെ ഫോട്ടോ ഉപയോഗിക്കരുത്

ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഉത്തരവില്‍

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകളില്‍ ബോര്‍ഡുകളും പരസ്യങ്ങളും പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. എല്‍എസ്എസ് - യുഎസ്എസ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവിലാണ് ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളില്‍ അനാവശ്യമായ മത്സര ബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും ഒഴിവാക്കാന്‍ എല്ലാ സ്‌കൂളുകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.

പരീക്ഷകള്‍ക്കായി കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി കടുത്ത ചൂടില്‍ പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്തുന്നത് നിരോധിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

എല്‍എസ്എസ്-യുഎസ്എസ് പരീക്ഷകള്‍ക്കായി കുട്ടികളുടെ വേനലവധി നഷ്ടപ്പെടുത്തി കടുത്ത ചൂടില്‍ പ്രത്യേകം ക്ലാസുകള്‍ ഏര്‍പ്പെടുത്തുന്നത് നിരോധിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ പ്രത്യേക പരിശീലനം നടത്തുന്നുണ്ടെങ്കില്‍ അതും നിര്‍ത്തലാക്കണം . പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

എല്‍എസ്എസ്- യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. രാവിലെയും രാത്രിയും അവധി ദിവസങ്ങളിലും കുട്ടികള്‍ പരിശീലന ക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു. കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുന്നതാണ് സാഹചര്യമെന്നാണ് ബാലാവകാശ കമ്മീഷന്‍ വിശദീകരിക്കുന്നത്.

logo
The Fourth
www.thefourthnews.in