ഇലന്തൂര്‍ നരബലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ
ഇടപെടല്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും റിപ്പോർട്ട് നല്‍കണം

ഇലന്തൂര്‍ നരബലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍; ചീഫ് സെക്രട്ടറിയും ഡിജിപിയും റിപ്പോർട്ട് നല്‍കണം

നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കമ്മീഷന്‍റെ നിർദേശം
Updated on
1 min read

പത്തനംതിട്ട ഇലന്തൂരിലെ നരബലിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വി.പി.ജോയ്, ഡിജിപി അനിൽ കാന്ത് എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തില്‍ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ഇരകളുടെ ജീവിക്കാനുള്ള അവകാശം പോലും ലംഘിക്കപ്പെട്ടുവെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ടത് ജനാധിപത്യ രാജ്യത്തിൻറെ ഉത്തരവാദിത്തമാണെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോയെന്ന് സംശയമുള്ളതിനാൽ വിശദമായ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരെയും അന്വേഷണസംഘം ഇലന്തൂരിലെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മണ്ണിനടിയിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശീലനം നേടിയ പോലീസ് നായകളെ ഉപയോഗിച്ചായിരുന്നു പരിശോധന. വീട്ടുവളപ്പിൽ മാർക്ക് ചെയ്ത മൂന്ന് സ്ഥലങ്ങളിൽ മണ്ണ് മാറ്റി പരിശോധിച്ചു. ഡമ്മി പരീക്ഷണം ഉൾപ്പെടെ പരിശോധന മണിക്കൂറുകൾ നീണ്ടുനിന്നു. പ്രതികളെ എത്തിക്കുമ്പോൾ വീട്ടുവളപ്പിൽ വൻ ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്.

കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ പത്മ, കാലടി മറ്റൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന ആലപ്പുഴ കൈനടി സ്വദേശി റോസ്‌ലി എന്നിവരാണ് നരബലിക്ക് ഇരയായത്. കേസിൽ ഭഗവൽ സിങ്, ഭാര്യ ലൈല, എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്കു താമസിക്കുന്ന മുഹമ്മദ് ഷാഫി (റഷീദ്– 52) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in