റിസർവ് ബാങ്ക്
റിസർവ് ബാങ്ക്

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ലൈസൻസ് ഉണ്ടോയെന്ന് ഉറപ്പാക്കണം; പേരിനൊപ്പം 'ബാങ്ക് ' ചേർക്കുന്നതിനെതിരെ ആര്‍ബിഐ

വ്യവസ്ഥകള്‍ ലംഘിച്ച്, ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നു

സഹകരണ സംഘങ്ങള്‍ പേരിനൊപ്പം 'ബാങ്ക്' എന്ന് ചേര്‍ക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ചില സഹകരണ സംഘങ്ങള്‍ ബാങ്കിങ് റെഗുലേഷന്‍ നിയമം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ബിഐ നിര്‍ദേശം. ഇന്ന് പ്രസിദ്ധീകരിച്ച പ്രമുഖ ദിനപത്രങ്ങളിലെല്ലാം ഇക്കാര്യം വ്യക്തമാക്കുന്ന മുന്നറിയിപ്പും ആര്‍ബിഐ നല്‍കിയിട്ടുണ്ട്. കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് വായ്പ തട്ടിപ്പുകള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നത് കരുതലോടെ വേണം

വ്യവസ്ഥകള്‍ ലംഘിച്ച്, ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് തത്തുല്യമായി ചില സഹകരണ സംഘങ്ങള്‍, അംഗങ്ങള്‍ അല്ലാത്തവരില്‍നിന്നും നിക്ഷേപം സ്വീകരിക്കുന്നതായും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ബിആര്‍ ആക്ട്, 1949 പ്രകാരം ബാങ്കിംഗ് ബിസിനസ്സ് നടത്തുന്നതിന് ആര്‍ബിഐ ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നത് കരുതലോടെ വേണമെന്നാണ് മുന്നറിയിപ്പ്.

1949-ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ സാധിക്കില്ല

അംഗീകാരമില്ലാത്ത സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ (ഡിഐസിജിസി) ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമല്ല. സഹകരണ സംഘങ്ങള്‍, ഒരു ബാങ്കാണെന്ന് അവകാശപ്പെടുകയാണങ്കില്‍ ജാഗ്രത പാലിക്കാനും, ഇടപാടുകള്‍ നടത്തുന്നതിനു മുമ്പ് ആര്‍ബിഐ നല്‍കിയ ബാങ്കിംഗ് ലൈസന്‍സ് ഉണ്ടോ എന്നുറപ്പാക്കാനും പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ആര്‍ബിഐ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

റിസർവ് ബാങ്ക്
പുകമൂടുന്ന ഡൽഹി; എയർ പ്യൂരിഫയറുകൾ ഇല്ലാത്ത റിക്ഷാവാലകളും ശുചീകരണ തൊഴിലാളികളും കഴിയുന്നത് എങ്ങനെ?

2020 സെപ്റ്റംബര്‍ 29-ന് നിലവില്‍ വന്ന ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി) നിയമം, ബിആര്‍ ആക്ട്, 1949-ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ബാധകമായ 1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമത്തിന്റെ സെക്ഷന്‍ 7 ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ''ബാങ്ക്'' എന്ന വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു. ആര്‍ബിഐ നിയന്ത്രിക്കുന്ന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ പട്ടികയുള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും വിധമാണ് പത്രങ്ങളില്‍ മുന്നറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in