ഇ പിയെ വിമർശിച്ചും തള്ളാതെയും എല്‍ഡിഎഫ് നേതാക്കള്‍; പിണറായിയിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഒഴിയാതെ ജാവഡേക്കർ വിവാദം

ഇ പിയെ വിമർശിച്ചും തള്ളാതെയും എല്‍ഡിഎഫ് നേതാക്കള്‍; പിണറായിയിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഒഴിയാതെ ജാവഡേക്കർ വിവാദം

എന്നാല്‍ ഇ പിയുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനില്ലെന്ന നിലപാടിലാണ് ജാവഡേക്കർ

തിരഞ്ഞെടുപ്പ് ചൂട് കെട്ടടങ്ങിയിട്ടും വിടാതെ ഇപി ജയരാജന്‍ - പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദം. ഇപിയെ വിമർശിച്ചും പ്രതിരോധിച്ചും എല്‍ഡിഎഫ് നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ച് പ്രതിപക്ഷവും രംഗത്തെത്തി. ഇ പി ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണയാണെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ വ്യക്തമാക്കി.

"കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കള്‍ ഒഴുകുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ സാധിക്കുന്നില്ല. ഈ ഘട്ടത്തിലാണ് എല്ലാവരും ഒരുപോലെയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്. ആ പ്രചാരവേലയുടെ ഭാഗമാണ് ശോഭയുടെ വാക്കുകള്‍ സുധാകരന്‍ ഏറ്റെടുത്തത്. അപ്പോള്‍ അന്തർധാര ശോഭ സുരേന്ദ്രന്റെ പാർട്ടിയും സുധാകരന്റെ പാർട്ടിയും തമ്മിലാണ്," എം വി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തേയും എം വി ജയരാജന്‍ പിന്തുണച്ചു.

ഇ പിയെ വിമർശിച്ചും തള്ളാതെയും എല്‍ഡിഎഫ് നേതാക്കള്‍; പിണറായിയിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഒഴിയാതെ ജാവഡേക്കർ വിവാദം
'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!

ഇപി-ജാവഡേക്കർ കൂടിക്കാഴ്ച പാർട്ടി ചർച്ച ചെയ്യട്ടെയെന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ പ്രതികരണം. കൂടിക്കാഴ്ച നിഷ്കളങ്കമല്ലെന്ന് വ്യക്തമാക്കിയ ഐസക്ക് മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് ഉറച്ചുനില്‍ക്കുന്നതായും കൂട്ടിച്ചേർത്തു.

ഇ പിയുമായുള്ള കൂടിക്കാഴ്ചയില്‍ നിലപാട് പറയേണ്ടത് പാർട്ടിയാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചിട്ടുണ്ടെന്നുമായിരുന്നു കെ വി തോമസിന്റെ വാക്കുകള്‍. ഇപി ഒരു പാവം മനുഷ്യനാണെന്നും കാപട്യമൊന്നും അദ്ദേഹത്തില്‍ കണ്ടിട്ടില്ലെന്നും തോമസ് പറഞ്ഞു. സുധാകരനും ജയരാജനും ബിജെപിയിലേക്ക് പോകുമെന്ന വാർത്തകളില്‍ പ്രതികരണം നടത്തേണ്ടത് അവരുതന്നെയാണെന്നും തോമസ് വ്യക്തമാക്കി.

ബിരിയാണി ചെമ്പില്‍ സ്വർണം കടത്തിയെന്ന ആരോപണം പോലെ ജയരാജന്‍ വിഷയം അവസാനിക്കുമെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി വി എസ് സുനില്‍കുമാറും പറഞ്ഞു. ഞാനും കെ സുരേന്ദ്രനും സുഹൃത്തുക്കളാണ്, ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുമുണ്ട്. ഈ ഒരു കാര്യം കൊണ്ട് ജയരാജന്റെ പൊളിറ്റിക്കല്‍ ഇന്റഗ്രിറ്റി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും സുനില്‍കുമാർ അഭിപ്രായപ്പെട്ടു.

ഇ പിയെ വിമർശിച്ചും തള്ളാതെയും എല്‍ഡിഎഫ് നേതാക്കള്‍; പിണറായിയിലേക്ക് വിരല്‍ ചൂണ്ടി കോണ്‍ഗ്രസ്, ഒഴിയാതെ ജാവഡേക്കർ വിവാദം
'ഞാന്‍ ആരെ കണ്ടെന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം?'; ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച്‌ ജാവഡേക്കര്‍

പിണറായി വിജയനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. മുഖ്യമന്ത്രി അറിയാതെ ജയരാജന്‍ ജാവഡേക്കറെ കാണില്ല. നേരത്തെ മുഖ്യമന്ത്രിയും ജാവഡേക്കറെ കണ്ടിട്ടുണ്ട്. ജയരാജന്‍ ചെയ്തത് കുറ്റമാണെങ്കില്‍ മുഖ്യമന്ത്രി ചെയ്തതും കുറ്റം തന്നെയാണ്. ബിജെപിയുമായൊരു ബന്ധത്തിന് മുഖ്യമന്ത്രി കളമൊരുക്കിയതിന്റെ തെളിവാണിത്, വേണുഗോപാല്‍ പറഞ്ഞു.

വേണുഗോപാലിന്റെ വാക്കുകള്‍ക്ക് സമാനമായിരുന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണവും. ബിജെപിയുമായുള്ള അന്തർധാര കഴിഞ്ഞ സർക്കാരിന്റെ കാലം മുതല്‍ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി അറിയാതെ ജയരാജന്‍ കൂടിക്കാഴ്ച നടത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ഇ പിയുമായുള്ള കൂടിക്കാഴ്ചയില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനില്ലെന്ന നിലപാടിലാണ് ജാവഡേക്കർ. കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നിങ്ങനെ എല്ലാ പാർട്ടിയിലുള്ള നേതാക്കളേയും കാണാറുണ്ടെന്നും അതിലെന്താണ് തെറ്റെന്നും പ്രകാശ് ജാവഡേക്കര്‍ ചോദിച്ചു.

logo
The Fourth
www.thefourthnews.in