കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; അസ്ഫാഖ് ആലത്തിന് വധശിക്ഷ

കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; അസ്ഫാഖ് ആലത്തിന് വധശിക്ഷ

സാഹചര്യ തെളിവുകള്‍ക്ക് പുറമെ ഡിഎന്‍എ തെളിവും കുറ്റകൃത്യം നടത്തിയ സ്വഭാവത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്

ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ഏക പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ 16 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട് എങ്കിലും 13 വകുപ്പുകളിലാണ് ശിക്ഷ നല്‍കിയത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. സാഹചര്യ തെളിവുകള്‍ക്ക് പുറമെ ഡിഎന്‍എ തെളിവും കുറ്റകൃത്യം നടത്തിയ സ്വഭാവത്തിന്റെ ഗൗരവവും കണക്കിലെടുത്താണ് കോടതി ശിക്ഷ വിധിച്ചത്.

കൊലപാതകത്തില്‍ 302ാം വകുപ്പ്പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ജീവപര്യന്ത്യം ശിക്ഷയാണ് കോടതി വിധിച്ചത്. തെളിവ് നശിപ്പിക്കലിന് അഞ്ച് വര്‍ഷവും ബലാത്സംഗത്തിന് 10 വര്‍ഷം തടവും ശിക്ഷയില്‍ ഉള്‍പ്പെടുന്നു. മുന്‍കൂട്ടി ആലോചിച്ച് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണെന്നും പ്രതി ലൈംഗിക താല്‍പര്യം തീര്‍ക്കാന്‍ വേണ്ടി കുട്ടിയെ ഉപയോഗിച്ചതാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

രാവിലെ തന്നെ വിധി കേള്‍ക്കാനായി പ്രതിയെ ആലുവ സബ് ജയിലില്‍ നിന്നു കോടതിയിലെത്തിച്ചു. വിധി കേള്‍ക്കാന്‍ കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. രാവിലെ 9.30 ഓടെ കോടതിയിലെത്തിയ ജഡ്ജി ക്യത്യം 11 മണിക്ക് തന്നെ വിധി പ്രസ്താവിച്ചു.

സമാന കുറ്റകൃത്യം നേരത്തെയും ചെയ്തതിനാല്‍ പ്രതി പീഡോഫീലിക്കാണ്. ഒരുതരത്തിലും മാനസാന്തരത്തിനു സാധ്യതയില്ലാത്ത ക്രൂരനായ കൊലയാളിയാണ് അസ്ഫാക് ആലമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. കുട്ടിയുടെ നിഷ്‌കളങ്കത സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വലിയ അളവില്‍ മദ്യം നല്‍കിയതിനാല്‍ കുട്ടിക്ക് കരയാന്‍ പോലും കഴിഞ്ഞില്ല. കുട്ടിയുടെ ജനനേന്ദ്രിയം തകര്‍ത്തു, മുഖം മാലിന്യത്തില്‍ താഴ്ത്തി, മാലിന്യം നിക്ഷേപിക്കാന്‍ പോകുന്ന ലാഘവത്തോടെയാണ് മാര്‍ക്കറ്റില്‍ നിന്ന് പ്രതി ക്രൂരമായ കുറ്റക്യത്യം നടത്തി ഇറങ്ങി വന്നത്. ക്രൂരമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അനുകൂലമായ ഒരു സാഹചര്യവും നിലനിന്നില്ല.

ആവര്‍ത്തിച്ചുള്ള ഇത്തരം കുറ്റകൃത്യങ്ങള്‍ കാരണം കുട്ടികളെ സ്വതന്ത്രമായി കളിക്കാന്‍ വിടാന്‍ പോലും മാതാപിതാക്കള്‍ ഭയപ്പെടുകയാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഓരോ രക്ഷിതാക്കളെയും ആശങ്കയിലാക്കുന്നതാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും മാത്രമല്ല അസ്ഫാക് ആലത്തിന്റെ ക്രൂരമായ കുറ്റകൃത്യം ആഴത്തില്‍ ബാധിച്ചിരിക്കുന്നത്.തങ്ങളുടെ മകള്‍ക്ക് ഈ അവസ്ഥ ഉണ്ടായാല്‍ നിയമം എങ്ങനെ പരിഗണിക്കുമെന്ന വലിയ ആശങ്കയും ഭയവും രാജ്യത്തെ ഓരോ രക്ഷിതാക്കള്‍ക്കുണ്ട്. കുട്ടിയുടെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഗണിക്കാതെ ഇരിക്കാന്‍ കഴിയില്ലെന്നും കുട്ടികള്‍ക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുന്നതാണ് ഇത്തരം ക്രൂരകൃത്യങ്ങളെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി അസ്ഫാക് ആലം അന്വേഷണ ഘട്ടത്തില്‍ പൊലീസിനെയും വിചാരണഘട്ടത്തില്‍ കോടതിയെയും മലയാളം അറിയില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് കോടതി തന്നെ നിരീക്ഷിച്ചിരുന്നു.

പ്രതിയുടെ പ്രായം, മാനസാന്തര സാധ്യത എന്നിവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്ര്‍റെ ആവശ്യം. നവീകരണ സിദ്ധാന്തം ആണ് രാജ്യത്ത് നടപ്പിലാക്കുന്നത്. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നതല്ലെന്നും പ്രതിഭാഗം വാദമുന്നയിച്ചിരുന്നു. പ്രതി സാമൂഹികം ആയും സാമ്പത്തികം ആയും പിന്നാക്ക അവസ്ഥയില്‍ ഉള്ള ആളാണ്.പ്രതിയുടെ പ്രായം പരിഗണിക്കണമെന്നും അതിനാല്‍ വധശിക്ഷ നല്‍കരുതെന്നുമായിരുന്നു പ്രതിഭാഗത്തിന്ര്‍റെ നിലപാട്. പ്രതിക്ക് മാനസിക സ്ഥിരത ഇല്ലാത്തത് കൊണ്ടാണ് കാര്യങ്ങല്‍ ഒന്നും പറയാതെ ഇരുന്നതെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു.

ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. 26 ദിവസം കൊണ്ടാണ് കേസിലെ വിചാരണ അതിവേഗം പൂര്‍ത്തിയാക്കിയത്.ഇക്കഴിഞ്ഞ നാലിനാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്

logo
The Fourth
www.thefourthnews.in