ദിലീപ്, മഞ്ജു വാര്യര്‍
ദിലീപ്, മഞ്ജു വാര്യര്‍

നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യര്‍ ഉള്‍പ്പെടെ സാക്ഷികള്‍ക്ക് കോടതി ഇന്ന് സമന്‍സ് അയയ്ക്കും

ദിലീപും ശരത്തും വെവ്വേറെ വിചാരണ നേരിടണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും

നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ സാക്ഷികള്‍ക്ക് കോടതി ഇന്ന് സമന്‍സ് അയയ്ക്കും. സാക്ഷി വിസ്താരത്തിന് ഹാജരാകണം എന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് സമന്‍സ് അയക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നടത്തിയ തുടരന്വേഷണത്തിന്റെ ഭാഗമായി സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍ 97 സാക്ഷികളുണ്ട്. ഇതില്‍ ഉടന്‍ വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. മഞ്ജു വാര്യര്‍, ബാലചന്ദ്രകുമാര്‍, രഞ്ജു രഞ്ജിമാര്‍, സാഗര്‍ വിന്‍സന്റ്, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണ്‍ തുടങ്ങിയവരാണ് ആദ്യം വിസ്തരിക്കേണ്ടവരുടെ പട്ടികയിലുള്ളത്.

തുടരന്വേഷണത്തില്‍ ദിലീപിനെ കൂടാതെ സുഹുത്ത് ശരത്തിനെയും പ്രതി ചേര്‍ത്തിരുന്നു

കേസില്‍ നേരത്തെ 220 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു കെ പൌലോസിന്റെ വിസ്താരം ബാക്കിനില്‍ക്കെയായിരുന്നു കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. അധിക കുറ്റപത്രത്തിലെ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ ശേഷമാകും ഇനി ബൈജു പൌലോസിനെ വിസ്തരിക്കുക. തുടരന്വേഷണത്തില്‍ ദിലീപിനെ കൂടാതെ സുഹുത്ത് ശരത്തിനെയും പ്രതി ചേര്‍ത്തിരുന്നു. ഇരുവരും വെവ്വേറെ വിചാരണ നേരിടണമോയെന്ന കാര്യത്തിലും ഇന്ന് കോടതി തീരുമാനമെടുക്കും.

ഹൈക്കോടതി ഹാജരാക്കാന്‍ നിര്‍ദേശിച്ച ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതാണ് ദിലീപിനെതിരായ പുതിയ കുറ്റം. മുംബൈയിലെ സ്വകാര്യ ലാബിന്റെയും സ്വകാര്യ ഹാക്കറുടെയും സഹായത്തോടെ തെളിവുകള്‍ നശിപ്പിച്ചെന്നാണ് അധിക കുറ്റപത്രത്തിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ പക്കല്‍ എത്തിയെന്നും ഈ തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്‌തെന്നും കുറ്റപത്രത്തിലുണ്ട്. പ്രതികള്‍ രണ്ടു പേരും കുറ്റം നിഷേധിച്ചതിനെ തുടര്‍ന്നണ് വിചാരണ ആരംഭിക്കുന്നത്.

logo
The Fourth
www.thefourthnews.in