പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൗൺസിലിങ്ങിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരം;പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ വിമുക്തഭടൻ അറസ്റ്റിൽ

പിടിയിലായത് തിരുവനന്തപുരം പൂവാർ സ്വദേശി ഷാജി

തിരുവനന്തപുരം പൂവാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വിമുക്തഭടൻ അതിക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. വിമുക്ത ഭടൻ പൂവാർ സ്വദേശി ഷാജി(56)യാണ് പോലീസ് പിടിയിലായത്.

വ്യാഴാഴ്ച സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിൽ കുട്ടികൾ അതിക്രമ വിവരം തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രാത്രിയോടെ തന്നെ പ്രതിയായ മുൻ സൈനികൻ ഷാജിയെ പോലീസ് പിടികൂടി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്രം മുതലെടുത്താണ് ഇയാൾ സഹോദരങ്ങളെ പീഡനത്തിനിരയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷാജിയുടെ വീട്ടിൽ കുടുംബം നേരത്തേ വാടകയ്ക്ക് കഴിഞ്ഞിരുന്നുന്നു. ഈ പരിചയം മുതലെടുത്താണ് അമ്മയും അച്ഛനും ഇല്ലാത്ത സമയത്ത് ഇയാൾ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്. സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടികൾ നേരിട്ട അതിക്രമം തുറന്ന് പറയുകയായിരുന്നു.

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളുടെ ശരീരത്തിൽ കുത്തിവച്ചതെന്ന് തോന്നിപ്പിക്കുന്ന പാടുകളുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇയാൾ കുട്ടികൾക്ക് ലഹരി കുത്തിവച്ചിട്ടുണ്ടോ എന്നതടക്കം വിശദമായ പരിശോധനയിലൂടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മറ്റ് സ്ത്രീകളുമായും കുട്ടികളുമായുമുള്ള തന്റെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പ്രതി പീഡനത്തിനിരയായ കുട്ടികളെ കാണിച്ചുവെന്നും കൗൺസിലിങ്ങിൽ കുട്ടികൾ തുറന്ന് പറഞ്ഞിട്ടുണ്ട്.

കുട്ടികളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സമയമെടുത്ത് വിശദമായി മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. മറ്റാരെങ്കിലും അതിക്രമം നേരിട്ടിട്ടുണ്ടോ എന്നറിയാൻ കുട്ടികളുടെ സുഹൃത്തുക്കളുടെ കൂടി മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in