'തത്കാലം പിഴയീടാക്കില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര തീരുമാനം വരുംവരെ ഇളവ്

'തത്കാലം പിഴയീടാക്കില്ല'; ഇരുചക്ര വാഹനത്തിൽ ഒരു കുട്ടിയുമായുള്ള യാത്രയ്ക്ക് കേന്ദ്ര തീരുമാനം വരുംവരെ ഇളവ്

എ ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന മറ്റ് നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കും

12 വയസില്‍ താഴെയുള്ള ഒരു കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുവികാരം കണക്കിലെടുത്താണ് നിലവില്‍ പിഴ ഈടാക്കെണ്ടതില്ലെന്ന തീരുമാനം സർക്കാരെടുത്തത്. കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഉന്നതതല യോഗത്തിന് ശേഷമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.

സർക്കാർ തീരുമാനം നിലവിലെ മോട്ടോർ വാഹന ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് നിമയവിദഗ്ധരുടെ അഭിപ്രായം. ഇത്തരത്തില്‍ യാത്ര ചെയ്ത് അപകടം ഉണ്ടായാൽ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ ലഭിക്കില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. എ ഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന മറ്റ് നിയമ ലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി അറിയിച്ചു.

ദേശീയപാതയിലും, സംസ്ഥാന പാതകളിലുമായി 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളില്‍ മൂന്ന് പേരെ വച്ച് യാത്രചെയ്യല്‍, ലൈന്‍ മറികടന്നുള്ള ഡ്രൈവിങ്, മൊബൈല്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ് എന്നിവയുള്‍പ്പെടെ നിയമലംഘനങ്ങള്‍ പിടികൂടാന്‍ 675 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഇവയ്ക്കു പുറമേ അനധികൃത പാര്‍ക്കിങ് പിടികൂടുന്നതിന് 25 ക്യാമറകളും റെഡ് ലൈറ്റ് തെറ്റിക്കുന്നവരെ പിടികൂടാന്‍ 18 ക്യാമറകളും ഉണ്ടാകും.അമിത വേഗം കണ്ടുപിടിക്കുന്നതിന് 4 ഫിക്‌സഡ് ക്യാമറകളും വാഹനങ്ങളില്‍ ഘടിപ്പിച്ച 4 ക്യാമറകളും പദ്ധതിയുടെ ഭാഗമായുണ്ട്.

4 ജി കണക്ടിവിറ്റിയിലാണ് ഡേറ്റാ കൈമാറ്റം ചെയ്യപ്പെടുന്നത്. നിരത്തിലോടുന്ന എല്ലാ വാഹനങ്ങളെയും ക്യാമറ നിരീക്ഷിക്കുകയും നിയമം ലംഘിച്ച വാഹനങ്ങളുടെ ചിത്രം മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍റൂമിലേക്ക് അയക്കുകയും ചെയ്യും.

logo
The Fourth
www.thefourthnews.in