കിണറ്റില്‍ വീണ കരടിക്ക്  ദാരുണാന്ത്യം; മയക്കുവെടി വച്ചതുള്‍പ്പെടെ രക്ഷാദൗത്യത്തില്‍ വീഴ്ച

കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം; മയക്കുവെടി വച്ചതുള്‍പ്പെടെ രക്ഷാദൗത്യത്തില്‍ വീഴ്ച

കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ രാത്രി 12 മണിയോടെയാണ് കരടി കിണറ്റില്‍ അകപ്പെടുന്നത്

തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടിക്ക് ദാരുണാന്ത്യം. വനംവകുപ്പ് മയക്കുവെടി വച്ചതോടെ കരടി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിക്കിടന്ന കരടിയെ ഏകദേശം ഒരുമണിക്കൂറിന് ശേഷമാണ് അഗ്നിരക്ഷാസേനയ്ക്ക് പുറത്തെടുക്കാനായത്. കിണറ്റിലകപ്പെട്ട കരടിയെ സുരക്ഷാ മുന്‍കരുതലുകളില്ലാതെ മയക്കുവെടി വച്ചതാണ് തിരിച്ചടിയായത്.

കണ്ണംപള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റിലാണ് കരടി അകപ്പെട്ടത്. രാത്രി 12 മണിയോടെയാണ് കരടി കിണറ്റില്‍ അകപ്പെടുന്നത്. സമീപത്തെ വീട്ടിലെ രണ്ട് കോഴികളെ കരടി പിടികൂടിയിരുന്നു. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിക്കുമ്പോഴാണ് കിണറ്റിലേക്ക് വീണത്. കോഴി കിണറ്റില്‍ മുകളില്‍ കയറിയതോടെ പിന്നാലെയെത്തിയ കരടി കിണറ്റിലേക്ക് വീണു.

പുലര്‍ച്ചെ മുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍, അഗ്നി രക്ഷാസേന എന്നിവര്‍ ചേര്‍ന്ന് രക്ഷാദൗത്യം ആരംഭിച്ചിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലാതെയായിരുന്നു രക്ഷാദൗത്യം. ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കിണറ്റിലിറങ്ങിയെങ്കിലും ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് തിരികെ കയറി.

തുടര്‍ന്ന് 9.25ഓടെ കരടിയെ മയക്കുവെടി വച്ചു. കിണറ്റില്‍ വീണ് ഏറെനേരമായ കരടി അവശനായിരുന്നു. പുറത്ത് എത്തിക്കുന്ന സാഹചര്യത്തില്‍ അക്രമാസക്തനാകുമോ എന്ന ഭയംമൂലമാണ്‌ മയക്കുവെടി വച്ചത്. എന്നാല്‍ ഇതോടെ കരടി വെള്ളത്തിലേക്ക് വീണു. 20 അടി താഴ്ചയുള്ള കിണറ്റില്‍ 10 അടിയിലേറെ വെള്ളമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in