സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; കോടതിയലക്ഷ്യ ഹര്‍ജിയുമായി കര്‍ഷകര്‍

സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; കോടതിയലക്ഷ്യ ഹര്‍ജിയുമായി കര്‍ഷകര്‍

സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനകം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്

സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ല. ഇതേത്തുടര്‍ന്ന്, നെല്‍ കര്‍ഷകര്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനകം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

പാലക്കാട് നെന്‍മേനി പാടശേഖര സമിതി മുന്‍ ചെയര്‍മാന്‍ കെ.ശിവാനന്ദന്‍ ഉള്‍പ്പടെ നിരവധി കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഇടക്കാല ഉത്തരവ്. ഈ ഉത്തരവ് പാലിക്കാത്തതിനെതിരെയാണ് കര്‍ഷകര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

ഉത്തരവ് ഈ മാസം 25 നകം നടപ്പാക്കിയില്ലങ്കില്‍ ക്യഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സപ്ലൈകോ എംഡിയും നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ നെല്ലിന്റെ വില നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കുണ്ട്.

പണം നല്‍കാന്‍ നടപടി തുടങ്ങുമെന്നും വരുന്ന പതിനൊന്നാം തീയതി ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെഅറിയിച്ചിട്ടുണ്ട്. നെല്ല് നല്‍കുമ്പോള്‍ ലഭിക്കുന്ന പാഡി റെസീപ്റ്റ് ഷീറ്റും (പി.ആര്‍.എസ്) അപേക്ഷയും പാഡി ഓഫീസിലെത്തിച്ചാല്‍ സംഭരിച്ച നെല്ലിന്റെ വില ഏഴ് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടിലെത്തുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. വിഷയം ഹൈക്കോടതിയിലെത്തിയ ഉടനേ 50000 രൂപയ്ക്കു താഴെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ നല്‍കി തുടങ്ങിയെങ്കിലും പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടായിരുന്നില്ല.

logo
The Fourth
www.thefourthnews.in