അന്യമതക്കാരനെ പ്രണയിച്ചു; മകളെ ബലമായി വിഷം കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്

അന്യമതക്കാരനെ പ്രണയിച്ചു; മകളെ ബലമായി വിഷം കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് പിതാവ്

കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു

അന്യമതത്തില്‍പ്പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരില്‍ പതിനാലുകാരിയെ ബലമായി വിഷം കുടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവ്. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ ഇരുമ്പടികൊണ്ട് തല്ലി പരുക്കേല്‍പ്പിച്ച ശേഷം പിതാവ് ബലമായി മകളെക്കൊണ്ട് കളനാശിനി കുടിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളിലെ സഹപാഠിയായ മറ്റൊരു വിദ്യാര്‍ഥിയായി പ്രണയത്തിലായിരുന്നു. ഈ ബന്ധം അറിഞ്ഞ പിതാവ് വിലക്കുകയും പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവയ്ക്കുകയും ചെയ്തു. എന്നാല്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് പെണ്‍കുട്ടി ആണ്‍കുട്ടിയുമായുള്ള ബന്ധം തുടര്‍ന്നു. ഇത് കണ്ടെത്തിയ പിതാവ് മകള്‍ തന്നെ അനുസരിക്കാത്തതിലുള്ള ദേഷ്യത്താലാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇരുവടി ഉപയോഗിച്ച് കൈയിലും കാലിലും അടിച്ച് പരുക്കേല്‍പിച്ച ശേഷം കളനാശിനി വിഭാഗത്തില്‍പ്പെട്ട വിഷം മകളെ നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ കുട്ടിയുടെ അമ്മയാണ് പിതാവിനെ പിടിച്ചുമാറ്റിയത്. അപ്പോഴേക്കും പെണ്‍കുട്ടി വിഷം പാതിയോളം കുടിച്ച നിലയിലായിരുന്നു.

തുടര്‍ന്ന് ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലാക്കി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പിന്നീട് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പോലീസ് കസ്റ്റഡിയലെടുത്തു.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in