വിവാഹദിനത്തിൽ വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; പെണ്‍കുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

വിവാഹദിനത്തിൽ വധുവിന്റെ അച്ഛനെ അടിച്ചുകൊന്നു; പെണ്‍കുട്ടിയുടെ സുഹൃത്ത് ഉൾപ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍

കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മകളുടെ വിവാഹ ദിവസം കൊല്ലപ്പെട്ടത്

തിരുവനന്തപുരത്ത് മകളുടെ വിവാഹദിവസം അച്ഛന് ദാരുണാന്ത്യം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് (61) കൊല്ലപ്പെട്ടത്. മകള്‍ ശ്രീലക്ഷ്മിയുടെ മുന്‍ സുഹൃത്ത് ജിഷ്ണുവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് വര്‍ക്കല ശിവഗിരിയില്‍ വച്ച് നടക്കാനിരിക്കെയാണ് വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയത്. ബഹളവും വാക്കേറ്റവും മര്‍ദനത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ശ്രീലക്ഷ്മിയുടെ സൃഹൃത്തായിരുന്ന ജിഷ്ണു , ഇയാളുടെ സഹോദരന്‍ ജിജിന്‍, ശ്യാം , മനു എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇവരും വടശ്ശേരിക്കോണം സ്വദേശികള്‍ തന്നെയാണ്. തര്‍ക്കത്തിനിടെ രാജുവിനെ മണ്‍വെട്ടികൊണ്ട് അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാലംഗ സംഘത്തെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് കസ്റ്റഡിയിലുള്ള ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മരിച്ച രാജു ഓട്ടോ ഡ്രൈവറാണ്. പെണ്‍കുട്ടിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് പ്രേരണയായതെന്നുമാണ് പോലീസ് പറയുന്നത്.

logo
The Fourth
www.thefourthnews.in