സംസ്ഥാനത്ത് ഇന്ന് നാല് പനിമരണം; 13,248 പേര്‍ പനി ബാധിച്ച് ചികിത്സ തേടി

സംസ്ഥാനത്ത് ഇന്ന് നാല് പനിമരണം; 13,248 പേര്‍ പനി ബാധിച്ച് ചികിത്സ തേടി

ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നാല് മരണം. ഒരാൾ എലിപ്പനി ബാധിച്ചും മറ്റൊരാൾ ഡെങ്കിപ്പനി ബാധിച്ചുമാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേർക്ക് എലിപ്പനിയും ഡെങ്കിപ്പനിയുമെന്നാണ് സംശയം. സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 13,248 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. 77 പേര്‍ക്ക് ഡെങ്കിപ്പനിയും 9 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.

257 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും 12 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെയും വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. കേരളത്തില്‍ ഈ മാസം മാത്രം 826 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെടുകയും ആറ് പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ കണക്ക്. ആറ് പേരാണ് ഈ മാസം എലിപ്പനി ബാധിച്ച് മരിച്ചത്. 110 പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തു.

മഴ കനത്തതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ ആഴ്ചയും അടുത്ത ആഴ്ചയും നിര്‍ണായകമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പനി തടയാനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. ചെളിയിലോ മലിന ജലത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

പനി, ജലദോഷം, ചുമ, തലവേദന, പേശിവേദന എന്നിവ ഡെങ്കിപ്പനി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളായിരിക്കാം എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ തുടരുന്ന സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in